സാന്റിയാഗോ
ചിലിയിൽ സോഷ്യലിസ്റ്റ് നേതാവായ സാൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് അമേരിക്ക പട്ടാളഭരണം ഏർപ്പെടുത്തിയതിന് അരനൂറ്റാണ്ട്. പട്ടാള അട്ടിമറിയും അലൻഡെയുടെ വധവും അമേരിക്കന്‍ പിന്തുണയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രേഖ ദിവസങ്ങൾക്ക്മുമ്പ് പുറത്തുവന്നു. അട്ടിമറിയിൽ കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ രാജ്യം ദേശീയപദ്ധതിയും കഴിഞ്ഞ ദിവസം തുടങ്ങി.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അലൻഡെ സർക്കാരിനെ അധികാരത്തിലേറുന്നതില്‍നിന്ന് തടയാൻ അമേരിക്ക ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെ പട്ടാള ജനറൽ അഗസ്തോ പിനോഷെയെ കൂട്ടുപിടിച്ച് 1973 സെപ്തംബർ 11ന് സർക്കാരിനെ അട്ടിമറിച്ച് ഭരണംപിടിച്ചു. ഇടതുപക്ഷ പാർടികളെ നിയമവിരുദ്ധമാക്കി. പിന്നീട് 17 വർഷം പിനോഷെയുടെ നേതൃത്വത്തിൽ മർദക ഭരണമായിരുന്നു. അമേരിക്ക കൂട്ടാളിയായി. ഇക്കാലയളവിൽ 3000-ത്തിലധികം ആളുകളെ കാണാതാകുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഏകദേശം 38,000-ത്തോളം പേർ രാഷ്ട്രീയ തടവുകാരായി. അവരിൽ ഭൂരിഭാഗവും പീഡനത്തിന് ഇരയായി.
അട്ടിമറി നടന്ന ദിവസം യുഎസ് ചാരസംഘടന സിഐഎ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് അയച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ‘മൂന്നുവർഷമായി പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസ്സിംഗറും പ്രോത്സാഹിപ്പിച്ചുവന്ന സൈനിക അട്ടിമറി ഫലപ്രാപ്തിയിൽ എത്തി’ എന്നായിരുന്നു സന്ദേശം.