മാലെ
മാലദ്വീപ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ട വോട്ടെടുപ്പിന് കളം ഒരുങ്ങുന്നു. ശനിയാഴ്ച നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും പോൾ ചെയ്തതിന്റെ 50 ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടർന്ന് 30ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. പ്രാഥമിക വട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിച്ച സ്ഥാനാർഥികളാണ് 30ന് ജനവിധി തേടുക. ആകെ 2,25,486 വോട്ടുകളാണ് പോൾ ചെയ്തത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മുഹമ്മദ് മുയിസു 1,01,635 വോട്ടുകൾ (46.06 ശതമാനം) നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു.
ജയിലിലാക്കപ്പെട്ട മുൻ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് മുയിസു. മാൽദീവിയൻ ഡെമോക്രാറ്റിക് പാർടി (എംഡിപി) സ്ഥാനാർഥിയായി രണ്ടാമൂഴം തേടുന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹൻ 86,161 വോട്ട് നേടി.