ദമ്മാം > സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ പ്രവിശ്യയിലെ 12 ടീമുകൾ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ ദമ്മാമിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാരാന്ത്യ ദിനങ്ങളിൽ നടക്കുന്ന ടൂർണമെൻറിൻറെ ലോഗോ പ്രകാശനം കായികരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അൽ ഖോബാർ അപ്സര ഓഡിറ്റോറിയത്തിൽ നടന്നു.
മുഖ്യ രക്ഷാധികാരി സക്കീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. റെദ-കം യുനൈറ്റഡ് ട്രേഡിങ്ങിൻറെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെൻറിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും കായികരംഗത്തെ പ്രമുഖർക്കുള്ള ആദരവും സംഘടിപ്പിക്കും. ഉദ്ഘാടന മത്സരത്തിൽ എഫ്സിഡി തെക്കേപ്പുറം ദമ്മാം ഡബ്ല്യുഎഫ്സി അൽഖോബാറുമായി മത്സരിക്കും. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് റഫീഖ് ചാച്ച, ടൂർണമെൻറ് കമ്മിറ്റി കൺവീനർ സമദ് കാടങ്കോട്, രക്ഷാധികാരി സക്കീർ വള്ളക്കടവ്, സെക്രട്ടറി ജുനൈദ് നീലേശ്വരം, അഷ്റഫ് സോണി, സമീർ കരമന, വസീം ബീരിച്ചേരി എന്നിവർ സംസാരിച്ചു.