മസ്ക്കറ്റ് > മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്കറ്റ് മേഖലയിലെ റൂവി പഠനകേന്ദ്രം സംഘടിപ്പിച്ച ഓണാഘോഷം, “തളിരോണം പൊന്നോണം” ശനിയാഴ്ച ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓഫീസിൽ വച്ച് നടന്നു. പിന്നണി ഗായികയും ഏഷ്യാനെറ്റ് സ്റ്റാർസിംഗർ വിജയിയുമായ പല്ലവി രതീഷ് ഓണപ്പട്ടു പാടി ഉദ്ഘാടനം നിർവ്വഹിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ട്രഷറർ ശ്രീകുമാർ പി നായർ അദ്ധ്യക്ഷനായ യോഗത്തിൽ മസ്ക്കറ്റ് മേഖലാ കോർഡിനേറ്റർ സുനിത്ത് തെക്കടവൻ സ്വാഗതം പറഞ്ഞു.
മലയാളം മിഷൻ ഉപദേശകസമിതി അംഗമായ വിത്സൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ സന്തോഷ് കുമാർ, പിന്നണി ഗായകൻ രതീഷ് കുമാർ, മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി അംഗം ആൻസി മനോജ്, മിഷൻ അധ്യാപിക ഷൈമ ദിനേശ്, ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവൻ എന്നിവർ ഓണാശംസകൾ നേർന്നു. പ്രവർത്തക സമിതി അംഗവും ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്ററുമായ നിഷ പ്രഭാകരൻ നന്ദി പറഞ്ഞു.
മാവേലി, പുലിക്കളി, തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മിഷൻ അധ്യാപകരും കുട്ടികളും ചേർന്നവതരിപ്പിച്ചു. അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. ഓണപ്പാട്ട്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ചിത്ര രചന, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. വടം വലി മത്സരത്തോടെ പരിപാടികൾ അവസാനിച്ചു. പരിപാടികളിൽ വിജയികളായവർക്കും ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി അനുപമ സന്തോഷ്, മിഷൻ അധ്യാപികമാർ എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.