ന്യൂഡൽഹി
കോവിഡാനന്തരം രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മയുടെ വലിയ പ്രതിസന്ധി ഉടലെടുത്തെന്നും അത് പരിഹരിക്കണമെന്നും ജി–-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച മോദി മൊറോക്കോയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു.
കോവിഡിനെ മറികടന്നതുപോലെ പരസ്പര വിശ്വാസമില്ലായ്മയെയും മറികടക്കാനാകണം. രാഷ്ട്രങ്ങൾ മനുഷ്യ കേന്ദ്രീകൃത സമീപനത്തോടെയാകണം ഉത്തരവാദിത്വങ്ങൾ നിറവേറ്റണ്ടതെന്നും മോദി ആഹ്വാനം ചെയ്തു.
അതേസമയം, വേദിയിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. വിശിഷ്ടവ്യക്തികൾക്ക് രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിനുള്ള ക്ഷണപത്രത്തിൽ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു.