മാലെ
മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിലിലാക്കപ്പെട്ട മുൻ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി മുഹമ്മദ് മുയിസു മുന്നിലെന്ന് പ്രാഥമിക ഫലങ്ങൾ. മാൽദീവിയൻ ഡെമോക്രാറ്റിക് പാർടി (എംഡിപി) സ്ഥാനാർഥിയായി രണ്ടാമൂഴം തേടുന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹാണ് തൊട്ടു പിന്നിൽ. മാലദ്വീപ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച അനൗദ്യോഗിക ഫലങ്ങൾ പ്രകാരം 40 ശതമാനത്തിലധികം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മുയിസുവിന് 45 ശതമാനം വോട്ട് ലഭിച്ചു. 40 ശതമാനം വോട്ടാണ് സോലിഹിന്. വർഷാദ്യം എംഡിപിയിൽനിന്ന് പുറത്തുപോയ പാർലമെന്റ് സ്പീക്കറും മുൻ പ്രസിഡന്റുമായ മൊഹമ്മദ് നഷീദ് സ്ഥാപിച്ച ‘ദ ഡെമോക്രാറ്റ്സ്’ സ്ഥാനാർഥി ഇല്യാസ് ലബീബ് 6.4 ശതമാനം വോട്ടുമായി മൂന്നാമതുണ്ട്.
തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പോൾ ചെയ്തതിൽ 50 ശതമാനത്തിലധികം വോട്ട് ലഭിക്കണം. ഇല്ലെങ്കിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവർ സെപ്തംബർ 30ന് വീണ്ടും ജനവിധി തേടണം. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യോഗ്യരായ 75 ശതമാനം വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഈ കണക്ക്.