തിരുവല്ല
ഭാഷാ പ്രവർത്തനം സ്വാധികാരത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്ന് പ്രഭാഷകൻ ഡോ. സുനിൽ പി ഇളയിടം. കടപ്ര കണ്ണശ്ശ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുനിൽ പി ഇളയിടം. ജനാധിപത്യത്തിന്റെ ആധികാരികമായ ഉള്ളടക്കത്തെ മുഴുവൻ തകർക്കാൻ പോന്ന മട്ടിലുള്ള ഏകാധിപത്യത്തിന്റെ കടന്നുകയറ്റം പല രൂപത്തിൽ നമ്മുടെ ചുറ്റും ഉണ്ടാകുന്നുണ്ട്.
ഏക ഭാഷയുടെ ശാസന, പുതിയ സംസ്കാരം, ഒറ്റ തെരെഞ്ഞെടുപ്പ്, ഒറ്റ രാഷ്ട്രം, പുതിയ പേര് എന്നിവ ഇതിനുദാഹരണമാണ്. ഐതിഹ്യാത്മകമായ, മതപരമായ, മിത്തുകളുടേതായ ഒരു സങ്കൽപിക ഭൂമികയിലാണോ രാഷ്ട്രത്തിന്റെ പേര് നിർവചിക്കേണ്ടത് എന്ന് ചിന്തിക്കണം. ഇന്ത്യ എന്നത് പല നൂറ്റാണ്ടുകളായി പല തലമുറകൾ പല തരത്തിൽ പങ്കുവയ്ക്കപ്പെട്ട് രൂപപ്പെടുത്തി വന്ന വാക്കാണ്. ഇതിൽ ബഹു സംസ്കാരത്തിന്റെ മുദ്ര പതിഞ്ഞ് കിടക്കുന്നു. മലയാളിക്ക് മലയാളിയുടേതായ സ്വാധികാരം കൈവരുന്നതിന്റെ ആദ്യ പടവുകളായിരുന്നു കണ്ണശ്ശ കവിതകളെന്നും സുനിൽ പി ഇളയിടം പറഞ്ഞു. കണ്ണശ്ശ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യൂ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ സമ്മാന വിതരണം നടത്തി.