തിരുവനന്തപുരം
കേരളം വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെ പ്രശംസിച്ച്
യുനെസ്കോ. 2023-ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിലാണ് പരാമർശം. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ‘സ്കൂൾവിക്കി’ പോർട്ടലിനെ അന്താരാഷ്ട്ര മാതൃകയായാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്.
സ്വതന്ത്ര സോഫ്റ്റ്വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ സ്കൂൾവിക്കിയിൽ 15,000 സ്കൂളിനെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയിൽ വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനെസ്കോ ചൂണ്ടിക്കാണിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവ രചനകൾ, ചിത്രങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, കോവിഡ്കാല രചനകൾ എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂൾവിക്കി (www.schoolwiki.in) പോർട്ടൽ.‘ സ്വതന്ത്ര സോഫ്റ്റ്വെയറിൽ ചില രാജ്യങ്ങൾ ചാമ്പ്യന്മാരായിട്ടുണ്ട്’ എന്ന ശിർഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളിൽ രണ്ടു ലക്ഷം ലാപ്ടോപ്പിൽ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വിന്യസിച്ചിട്ടുള്ള കാര്യവും രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ പ്രതിഷ്ഠിച്ചാണ് യുനെസ്കോ റിപ്പോർട്ടിന്റെ മൂന്നാമത്തെ പരാമർശം.