മാഡ്രിഡ്
സ്പാനിഷ് ഫുട്ബോളിൽ പുത്തൻ താരോദയം. 16–-ാംവയസ്സിൽ സ്പാനിഷ് കുപ്പായത്തിൽ അരങ്ങേറുകയും ഗോളടിക്കുകയും ചെയ്ത ലാമിനെ യമാലാണ് ചരിത്രംകുറിച്ചത്. സ്പെയ്നിനായി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. 16 വർഷവും 52 ദിവസവുമാണ് പ്രായം. ഗാവിയുടെ റെക്കോഡാണ് മറികടന്നത്. പകരക്കാരനായെത്തി ഗോളടിച്ചു. ഇതും റെക്കോഡാണ്. മറികടന്നത് ഗാവിയെയും.
യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ജോർജിയക്കെതിരെയായിരുന്നു കളി. സ്പെയ്ൻ ജയിച്ചത് 7–-1ന്. അൽവാരോ മൊറാട്ട ഹാട്രിക് നേടി. ഗ്രൂപ്പ് എയിൽ ആറ് പോയിന്റുമായി രണ്ടാമതാണ് സ്പെയ്ൻ. ഡാനി ഒൽമോ, നിക്കോ വില്യംസ് എന്നിവരും ഗോളടിച്ചു. ആദ്യപകുതിയുടെ അവസാനമാണ് യമാൽ കളത്തിലെത്തിയത്. സ്പാനിഷ് ലീഗ് ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്കായി 15–-ാംവയസ്സിലായിരുന്നു അരങ്ങേറ്റം.
യൂറോ യോഗ്യതാ മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകളും ജയംകണ്ടു. ക്രൊയേഷ്യ അഞ്ച് ഗോളിന് ലാത്വിയയെ തകർത്തു. സ്ലൊവാക്യയെ ഒരു ഗോളിന് മറികടന്ന പോർച്ചുഗൽ ഗ്രൂപ്പ് ‘ജെ’യിൽ കുതിച്ചു. അഞ്ചു കളിയിൽ 15 പോയിന്റാണ്. ബ്രൂണോ ഫെർണാണ്ടസാണ് ലക്ഷ്യംകണ്ടത്. അതേസമയം, കളിയിൽ മഞ്ഞ കാർഡ് കണ്ട സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അടുത്ത കളിയിൽ ഇറങ്ങാനാകില്ല. ലക്സംബർഗിനെതിരെയാണ് കളി.