കൊളംബോ
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിലെ സൂപ്പർ പോരാട്ടം ഒരാഴ്ചമുമ്പ് മഴ കൊണ്ടുപോയതാണ്. ആ കളി ഇന്ന് വീണ്ടും. ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പകൽ മൂന്നിനാണ് കളി. സൂപ്പർഫോറിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇത്തവണയും മഴഭീഷണിയുണ്ട്. എന്നാൽ, കളി മുടങ്ങിയാൽ നാളെ പകരം ദിവസമുണ്ട്.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യയും ബാബർ അസമിന്റെ പാകിസ്ഥാനും തമ്മിലുള്ള ആദ്യ കളിയിൽ ഒരുപകുതിമാത്രമാണ് നടന്നത്. പാകിസ്ഥാൻ പന്തെറിഞ്ഞു, ഇന്ത്യ ബാറ്റ് ചെയ്തു. ഇന്ത്യൻ ബാറ്റിങ്നിര പാക് പേസിൽ ഉലഞ്ഞുപോയിരുന്നു. മുൻനിരയും പിൻനിരയും ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ അർധസെഞ്ചുറി നേടിയ ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമാണ് പൊരുതാനുള്ള സ്കോർ നേടിയത്. ഇന്ത്യ 266 റണ്ണിന് പുറത്തായി. 10 വിക്കറ്റും പാകിസ്ഥാന്റെ പേസർമാർ സ്വന്തമാക്കി. നാല് വിക്കറ്റെടുത്ത ഷഹീൻ അഫ്രീദി അപകടകാരിയായി. ഇതെല്ലാം ഓർത്താവും ഇന്ത്യ ഇറങ്ങുക.
വിക്കറ്റ്കീപ്പറായി കെ എൽ രാഹുൽ തിരിച്ചെത്തുമോയെന്നതാണ് ആകാംക്ഷ. ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ പോയ പേസർ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. പകരക്കാരനായി ടീമിലുണ്ടായിരുന്ന സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങി.
പാക് പേസർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലുള്ള പോരാവും ഇത്തവണയും. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നീ പേസർമാർ രോഹിത്, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരെ വീണ്ടും പരീക്ഷിക്കും. സൂപ്പർഫോറിൽ ഇന്ത്യയുടെ ആദ്യ കളിയാണ്.
പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ച് രണ്ട് പോയിന്റ് നേടിയിട്ടുണ്ട്. ഇന്നത്തെ വിജയം ഫൈനലിലേക്കുള്ള വഴിയൊരുക്കും.















