ന്യൂഡൽഹി
ആറ് സംസ്ഥാനത്തെ ഏഴ് നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റുവാങ്ങി ബിജെപി. സമാജ്വാദി പാർടി (എസ്പി) എംഎൽഎയുടെ കൂറുമാറ്റത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ ബിജെപി ദയനീയമായി തോറ്റു. ബംഗാളിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. ജാർഖണ്ഡിൽ ‘ഇന്ത്യ’ കൂട്ടായ്മ അംഗമായ ജെഎംഎം വിജയിച്ചു. സംസ്ഥാന ഭരണസംവിധാനം പൂർണമായി ദുർവിനിയോഗംചെയ്ത് ബൂത്തുപിടിത്തം നടത്തിയ ത്രിപുരയിൽമാത്രമാണ് ബിജെപിക്ക് ‘മുന്നേറ്റം’.
ഘോസിയിൽ എസ്പിയുടെ സുധാകർ സിങ് 42,759 വോട്ടിനാണ് ബിജെപിയിലെ ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തിയത്. പെതുതെരഞ്ഞെടുപ്പിൽ ധാരാസിങ് ചൗഹാൻ എസ്പി സ്ഥാനാർഥിയായി 22,216 വോട്ടിനായിരുന്നു ജയിച്ചത്. അറുപതിനായിരത്തോളം ദളിത് വോട്ടർമാരുള്ള ഇവിടെ കഴിഞ്ഞതവണ ബിഎസ്പി സ്ഥാനാർഥി 54,248 വോട്ട് നേടി. ഇക്കുറി ബിഎസ്പി സ്ഥാനാർഥിയെ നിർത്തിയില്ല. 80 ലോക്സഭാ സീറ്റുള്ള യുപിയിൽ ഈ ഉപതെരഞ്ഞെടുപ്പുഫലം ‘ഇന്ത്യ’ കൂട്ടായ്മയ്ക്ക് പ്രതീക്ഷ പകരുന്നു.
ബംഗാളിലെ ദൂപ്ഗുരി സിറ്റിങ് സീറ്റിൽ ബിജെപി സ്ഥാനാർഥിയാക്കിയത് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപസി റോയിയെയാണ്. എന്നാൽ, ടിഎംഎസി സ്ഥാനാർഥി നിർമൽചന്ദ്ര റോയി ജയിച്ചു. 2019ൽ ബിജെപിക്ക് ബംഗാളിലെ 42 സീറ്റിൽ 18ൽ ജയിക്കാനായി.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തീവ്രദേശീയ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടും ബിജെപി പരാജയപ്പെട്ടു. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കഴിഞ്ഞതവണ ബിജെപിയിലെ ചന്ദൻരാം ദാസ് 11,851 വോട്ടിന് ജയിച്ച സ്ഥാനത്ത് ഇക്കുറി അദ്ദേഹത്തിന്റെ ഭാര്യ പാർവതി ദാസിന്റെ ഭൂരിപക്ഷം 2405 ആയി ഇടിഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലും ബിജെപിയുടെ വോട്ട് ഇടിഞ്ഞു.