പുതുച്ചേരി > ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ഗവേഷക വിദ്യാർഥിനിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ് തട്ടിപ്പിനിരയായത്. ആൺസുഹൃത്തുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി തട്ടിപ്പ് നടത്തിയവരെ പരിചയപ്പെടുന്നത്. ആറുമാസം മുമ്പ് യുവതിയും ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിച്ചിരുന്നു. ഇതിനിടെയാണ് കുടുംബപ്രശ്നങ്ങളും പ്രണയസംബന്ധമായ തരത്തിലുള്ള പ്രശ്നങ്ങളുമെല്ലാം പരിഹരിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യം കാണുന്നത്. തുടർന്ന് സുഹൃത്തുമായുള്ള ബന്ധം ശരിയാക്കാനായി യുവതി ഇവരെ സമീപിക്കുകയായിരുന്നു.
അക്കൗണ്ടിലേക്ക് സന്ദേശം അയയ്ക്കുകയും പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രത്യേക പൂജ ചെയ്താൽ സുഹൃത്ത് തിരികെ വരുമെന്ന് പെൺകുട്ടിയെ വിശ്വസിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തു. പല തവണയായി ഇവർ യുവതിയിൽ നിന്ന് 5.84 ലക്ഷം രൂപയോളം വാങ്ങിയതായും പരാതിയിലുണ്ട്.