കുവൈത്ത് സിറ്റി> കുവൈത്തിൽ കുടുങ്ങിയ 19 ഇന്ത്യൻ തൊഴിലാളികളെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെ നാട്ടിലെത്തിച്ചു. കുവൈത്തിലെ കമ്പനിയിൽ ശുചീകരണത്തൊഴിലാളികളായി കുറഞ്ഞ ശമ്പളത്തിൽ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളെയാണ് വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്.
തമിഴ്നാട് മന്ത്രി കെ മസ്താനും ഉദ്യോഗസ്ഥരും ഇവർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജൻസി സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ പ്രതിമാസ ശമ്പളം 60,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2022 മേയിലാണ് 19 പേരെയും കുവൈത്തിൽ എത്തിച്ചത്. ഓരോരുത്തരും ഏജൻസിക്ക് ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. അവിടെയെത്തിയപ്പോൾ പ്രതിമാസം 18,000 രൂപ മാത്രമെ ലഭിക്കൂവെന്നും താമസത്തിനും ഭക്ഷണത്തിനും പണം നൽകണമെന്നും അറിയിക്കുകയായിരുന്നു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
കരാർ റദ്ദാക്കി തങ്ങളെ വിട്ടയക്കണമെന്ന് തെഴിലാളികൾ ഏജൻസിയോട് ആവശ്യപ്പെട്ടെങ്കിലും 60,000 രൂപ വീതം നൽകിയാലേ വിട്ടയക്കാനാകൂ എന്നാണ് അറിയിച്ചത്. പിന്നീട് ഈ വർഷം ജൂണിൽ വിസയുടെ കാലാവധി കഴിഞ്ഞെന്നും വിസ പുതുക്കാൻ 1,25,000 രൂപ വീതം നൽകാനും ആവശ്യപ്പെട്ടു. നിസ്സഹായരായ യുവാക്കൾ മറ്റു വഴിയില്ലാതെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിഷയത്തിൽ ഇടപെടുകയും 19 പേരുടെ മോചനത്തിനായി കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. നരകയാതനയാണ് കുവൈത്തിൽ തങ്ങൾ അനുഭവിച്ചതെന്നും ബന്ധനസ്ഥരാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടിലെത്തിയ യുവാക്കൾ പറഞ്ഞു.