പുതുപ്പള്ളി > കേന്ദ്രമന്ത്രിമാരും നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോയി ബിജെപി. ജില്ലാ പ്രസിഡന്റ്കൂടിയായ സ്ഥാനാർഥി ലിജിൻ ലാലിന് കിട്ടിയത് 6,558 വോട്ടുകൾ മാത്രം. 2021ൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി എൻ ഹരിയ്ക്ക് 11,694 വോട്ട് ലഭിച്ചിരുന്നു. ഇതാണ് കുത്തനെ ഇടിഞ്ഞത്.
പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് (16.7 ശതമാനം) ലഭിച്ചാലേ കെട്ടിവച്ച പണം തിരികെ കിട്ടൂ. 5.02 ശതമാനം വോട്ടാണ് ലിജിൻ ലാലിന് ലഭിച്ചത്. 11 ബൂത്തുകളിൽ രണ്ടക്കം കണ്ടില്ല. കേന്ദ്രമന്ത്രിമാരടക്കം എത്തി പ്രചാരണം നടത്തിയിട്ടും മുൻവർഷത്തേക്കാൾ 5,136 വോട്ട് എങ്ങനെ കുറഞ്ഞു എന്ന ചോദ്യത്തിന് ബിജെപി നേതാക്കൾക്ക് മറുപടി പറയേണ്ടിവരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് 20,911 വോട്ട് ലഭിച്ചിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15,993 വോട്ടുകളും കിട്ടി. ഇത് പിന്നീട് കൂപ്പുകുത്തിയത് വോട്ട് കച്ചവടമാണെന്ന ആരോപണം ശക്തമാണ്. 2021ൽ കടുത്തുരുത്തിയിൽ ലിജിൻ ലാൽ മത്സരിച്ചപ്പോഴും വോട്ട് കച്ചവടം നടത്തിയതായി ആരോപണമുണ്ടായിരുന്നു. പുതുപ്പള്ളിക്ക് തൊട്ടടുത്ത കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫിനെ അട്ടിമറിക്കാൻ യുഡിഎഫും – ബിജെപിയും കൈകോർത്തത് ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയതായി സിപിഐ എം പറഞ്ഞിരുന്നു. ഇത് അടിവരയിടുന്നതായി തെരഞ്ഞെടുപ്പ് ഫലം.