ന്യൂഡൽഹി
ബുധനാഴ്ച ഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ കൂട്ടായ്മയുടെ ഏകോപന സമിതി യോഗം ആദ്യത്തെ പൊതുറാലിയുടെ തീയതിയും വേദിയും തീരുമാനിക്കുമെന്ന് സൂചന. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങളെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയെക്കുറിച്ചും ചർച്ചയുണ്ടാകും. ഡൽഹിയില് ശരദ് പവാറിന്റെ വസതിയിലാണ് യോഗം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് നവംബർ–- ഡിസംബർ മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളിൽ ഇന്ത്യ കൂട്ടായ്മയിലെ പാർടികൾ പരമാവധി ഏകോപനത്തിൽ മത്സരിക്കാൻ ധാരണയാകും. പൊതുവായ തന്ത്രങ്ങൾക്കും രൂപം നൽകും.
ഇരുപത്തെട്ട് രാഷ്ട്രീയ പാർടി ഉൾപ്പെടുന്ന ഇന്ത്യ കൂട്ടായ്മയുടെ ഏകോപനസമിതിയിൽ 14 പാർടിയുടെ പ്രതിനിധികളാണ് ഉൾപ്പെടുന്നത്. സിപിഐ എം പ്രതിനിധിയെ പിന്നീട് തീരുമാനിക്കും. ശരദ് പവാറിനു പുറമെ ടി ആർ ബാലു, തേജസ്വി യാദവ്, ഹേമന്ത് സൊറൻ, രാഘവ് ഛദ്ദ, അഭിഷേക് ബാനർജി, കെ സി വേണുഗോപാൽ, സഞ്ജയ് റൗത്ത്, ഡി രാജ, ജാവേദ് അലിഖാൻ, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, രാജീവ് രഞ്ജൻ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിലായി മുംബൈയിൽ ചേർന്ന ഇന്ത്യ കൂട്ടായ്മയുടെ നേതൃയോഗമാണ് ഏകോപന സമിതിക്ക് രൂപം നൽകിയത്.