കൊൽക്കത്ത
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കെതിരെ നടന്ന വ്യാപക അക്രമത്തിൽ പ്രതിഷേധിച്ചും ക്രൂരമായ അക്രമം നേരിട്ടും മത്സരരംഗത്ത് ധീരമായി പോരാടിയ വനിതാ സ്ഥാനാർഥികളെ അഭിനന്ദിച്ചും കൊൽക്കത്തയിൽ വൻ മഹിളാ പ്രതിരോധ റാലി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിനു സ്ത്രീകൾ അണിനിരന്നു. ക്രൂരമായ മർദനത്തിന് ഇരയായവരെ നേതാക്കൾ ആശ്വസിപ്പിച്ചു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, സംസ്ഥാന പ്രസിഡന്റ് ജഹനാറാ ഖാന്, സംസ്ഥാന സെക്രട്ടറി കനിക ഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരിടത്തും കണ്ടിട്ടില്ലാത്ത അക്രമമാണ് സ്ത്രീകൾക്കെതിരെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നടത്തിയതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മമതയും മോഡിയും ഒരേപോലെ ജനദ്രോഹ നടപടികളാണ് തുടരുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.