തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ കടുംപിടിത്തങ്ങൾക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം. സാങ്കേതിക സർവകലാശാല സിൻഡിക്കറ്റിലെ ആറ് അംഗങ്ങളെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവയ്ക്കുകയും നിയമനം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനുള്ള ഏറ്റവും ഒടുവിലത്തെ പ്രഹരമായി. ഓർഡിനൻസിലൂടെയായിരുന്നു ആറുപേരെയും സിൻഡിക്കറ്റിലേക്ക് ശുപാർശ ചെയ്തത്. പിന്നീട് നിയമസഭയിൽ ഇതുസംബന്ധിച്ച് ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ഇത് ഒപ്പിടാതെ ഗവർണർ പിടിച്ചുവയ്ക്കുകയായിരുന്നു. നിയമനത്തിൽ തെറ്റില്ല എന്നതിനൊപ്പം ഗവർണറുടെ നിലപാട് തെറ്റാണെന്നുകൂടിയാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.
സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ടുമാത്രം മൂന്നാം തവണയാണ് ഹൈക്കോടതിയിൽനിന്ന് ഗവർണറുടെ നിലപാടിനെതിരെ വിധി വരുന്നത്. സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നുള്ള മാർച്ച് 16ന് വന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയാണ് ഇതിൽ ആദ്യത്തേത്ത്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ലെന്നായിരുന്നു വിധി. തുടർന്ന് ഡോ. സിസ തോമസിനെ മാറ്റി, യുജിസി മാനദണ്ഡപ്രകാരം ഡോ. സജി ഗോപിനാഥിനെ നിയമിക്കുകയായിരുന്നു. ഡോ. സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആയിരുന്നു ഈ വിധി.
തൊട്ടടുത്ത ദിവസം വന്ന അടുത്ത കേസിലെ വിധിയും ഗവർണർക്ക് തിരിച്ചടിയായി. കെടിയു സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്ത ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല ഭരണനിർവഹണത്തിൽ വിസിയെ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയുടെ നിയമനം, സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം വിസി ചാൻസലർക്ക് അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിൽ റിപ്പോർട്ട് ചെയ്യണം, നിയമവിരുദ്ധമായുള്ള ജീവനക്കാരുടെ സ്ഥലമാറ്റം എന്നീ തീരുമാനങ്ങളായിരുന്നു റദ്ദാക്കപ്പെട്ടത്.
ഇതുകൂടാതെ, സംസ്ഥാനത്തെ 11 സർവകലാശാല വിസിമാരെ പുറത്താക്കാനുള്ള നീക്കവും കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയും ഹൈക്കോടതി തടഞ്ഞിരുന്നു.
കെടിയു സിൻഡിക്കറ്റ് അംഗങ്ങളുടെ നിയമനം ശരിവച്ചു
കൊച്ചി
കേരള സാങ്കേതിക സർവകലാശാല (കെടിയു) സിൻഡിക്കറ്റ് അംഗങ്ങളായി മുൻ എംപി ഡോ. പി കെ ബിജു അടക്കമുള്ള ആറുപേരെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സർവകലാശാല ഭേദഗതി ഓർഡിനൻസിന്റെ കാലാവധി 2021 നവംബറിൽ കഴിഞ്ഞതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ നാമനിർദേശം ചെയ്തവർക്ക് അംഗങ്ങളായി തുടരാനാകില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ അഭിഭാഷകൻ പി സുബൈർകുഞ്ഞ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്.
2021ലെ സർവകലാശാല ഭേദഗതി ഓർഡിനൻസിന്റെ 23–-ാംവകുപ്പ് അനുസരിച്ചാണ് സിൻഡിക്കറ്റ് അംഗങ്ങളായി ഡോ. പി കെ ബിജു, ഡോ. ബി എസ് ജമുന, അഡ്വ. ഐ സാജു, ഡോ. വിനോദ്കുമാർ ജേക്കബ്, ഡോ. എസ് വിനോദ് മോഹൻ, ഡോ. ജി സജീവ് എന്നിവരെ നിയമിച്ചത്. 2021 ഫെബ്രുവരിയിലാണ് നിയമഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചത്. ജൂലൈയിലും ആഗസ്തിലും ഓർഡിനൻസ് വീണ്ടും ഇറക്കി. ഒക്ടോബറിൽ ഓർഡിനൻസിനുപകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല. നവംബറിൽ ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചു. അതിനാൽ കാലഹരണപ്പെട്ട ഓർഡിനൻസ് പ്രകാരം നാമനിർദേശം ചെയ്തവർ സിൻഡിക്കറ്റ് അംഗങ്ങളായി തുടരുന്നത്
നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഭരണഘടനയുടെ 200–-ാം അനുച്ഛേദം അനുസരിച്ച് ഗവർണർക്ക് അയക്കുന്ന ബില്ലുകളിൽ നിശ്ചിതസമയത്തിനകം തീരുമാനമെടുക്കണമെന്നു പറയുന്നില്ല. മാത്രമല്ല, നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പൊതുജനത്തിന്റെ താൽപ്പര്യംകൂടി ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ബിൽ നിയമപരമായി നിലനിൽക്കുന്നതാണെന്നും ആറുപേർക്കും സിൻഡിക്കറ്റ് അംഗങ്ങളായി തുടരാമെന്നും കോടതി വ്യക്തമാക്കി.
സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സീനിയർ ഗവ. പ്ലീഡർ വി മനു എന്നിവർ ഹാജരായി.