തിരുവനന്തപുരം
പഠനത്തിൽ പിന്നിലായതിന് സ്വകാര്യസ്കൂളിൽനിന്ന് പുറത്താക്കിയ ഷിനു ഇനി തഹസിൽദാറാകും. കാസർകോട് കലക്ടറേറ്റിലെ തഹസിൽദാറുടെ കസേരയിലേക്കുള്ള ഈ മുപ്പത്തിയഞ്ചുകാരന്റെ യാത്രയ്ക്കു പിന്നിൽ കഠിനാധ്വാനത്തിന്റെയും സർക്കാരിന്റെ കരുതലിന്റെയും കഥയുണ്ട്.
ഇടുക്കി പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന വഞ്ചിവയലിൽ ഊരാളി ഗോത്രസമുദായത്തിലാണ് വി ഷിനുവിന്റെ ജനനം. വഞ്ചിവയലിലെ ഗവ. ട്രൈബൽ സ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം പീരുമേട്ടുള്ള സ്വകാര്യ സ്കൂളിൽ ചേർന്നു. ഇവിടെ ഇംഗ്ലീഷ് ഭാഷയോട് എളുപ്പം പൊരുത്തപ്പെടാനായില്ല. ആറാംക്ലാസിൽ തോറ്റു.
പത്താംക്ലാസ് കടക്കില്ലെന്നുകരുതി ഷിനുവിനെ ഒമ്പത് കഴിഞ്ഞതോടെ സ്കൂളിൽനിന്ന് പുറത്താക്കി. പിന്നീട് പഠനം വണ്ടിപ്പെരിയാറിലെ പഞ്ചായത്ത് എച്ച്എസ്എസിൽ. ഒന്നാംക്ലാസോടെ 2004ൽ എസ്എസ്എൽസി വിജയിച്ചു. ഉന്നതപഠനത്തിനായി ഇരട്ട സഹോദരൻ ഷാനുവിനൊപ്പം തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽനിന്ന് ബയോടെക്നോളജിയിൽ ബിരുദംനേടി. തുടർന്ന് കാര്യവട്ടം ക്യാമ്പസിൽനിന്ന് ബയോടെക്നോളജിയിൽ എംഎസ്സിയും ബയോഇൻഫർമാറ്റിക്സിൽ എംഫിലും പൂർത്തിയാക്കി. ഇക്കാലത്ത് എസ്എഫ്ഐയിലും സജീവമായി. സിവിൽ സർവീസ് അക്കാദമിയിൽനിന്ന് പട്ടികജാതി വികസനവകുപ്പിന്റെ ഐസിഎസ്ഇടിഎസിൽനിന്ന് സൗജന്യ സിവിൽ സർവീസ് പരിശീലനം ലഭിച്ചത് വഴിത്തിരിവായി.
കുടുംബശ്രീയും ഇടുക്കി ജില്ലാ ഭരണകേന്ദ്രവും സംഘടിപ്പിച്ച പരീക്ഷാ പരിശീലനത്തിലും പങ്കെടുത്തു. ഇതിനൊപ്പം തലസ്ഥാനത്തെ പ്രമുഖ കോഫിക്കടയിൽ ജോലിക്ക് കയറി. 2018ൽ പിഎസ്സി വഴി പൊതുമരാമത്തുവകുപ്പിൽ ക്ലർക്കായി. 2022ൽ കെഎസ്എഫ്ഇയിൽ ജൂനിയർ അസിസ്റ്റന്റായി. തുടർന്നാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റുവഴി തഹസിൽദാർ നിയമനം ലഭിച്ചത്. വെള്ളിയാഴ്ച കാസർകോട് കലക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു.
ഭാര്യ: ഷജിന. പിണറായി പഞ്ചായത്ത് ഓഫീസിൽ ക്ലർക്കാണ്. അച്ഛൻ: വിജയൻ, അമ്മ: വസന്ത. സഹോദരി: ആതിര. ഇരട്ടസഹോദരനായ ഷാനു കാര്യവട്ടം ക്യാമ്പസിൽ ഗവേഷക വിദ്യാർഥിയാണ്.