കൊച്ചി
കെഎസ്ഇബിയെ 2013ൽ കമ്പനിയാക്കിയപ്പോൾ ജീവനക്കാരുടെ പെൻഷൻ നൽകാൻ രൂപീകരിച്ച പെൻഷൻ ഫണ്ടിലേക്ക് (മാസ്റ്റർ ട്രസ്റ്റ്) അനുവദിക്കുന്ന തുകകൂടി വൈദ്യുതിനിരക്ക് നിർണയത്തിന് പരിഗണിക്കണമെന്ന 2021ലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പെൻഷൻ ഫണ്ടിലേക്ക് നൽകുന്ന തുകകൂടി വൈദ്യുതി ഉൽപ്പാദനച്ചെലവിലേക്ക് ചേർത്ത് നിരക്ക് നിർണയത്തിന് പരിഗണിച്ചാൽ ഉപയോക്താക്കൾക്ക് വൻബാധ്യതയാകുമെന്ന് കോടതി വിലയിരുത്തി.
നിരക്ക് വർധനയ്ക്കെതിരെ കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. 2013ലെ ധാരണയനുസരിച്ച്, പെൻഷൻ ഫണ്ടിലേക്ക് വർഷംതോറും ബോണ്ടായി അനുവദിക്കുന്ന തുകയുടെ പലിശമാത്രമേ വൈദ്യുതി ഉൽപ്പാദനച്ചെലവിൽ പെടുത്താവൂ. ഇതനുസരിച്ചാണ് 2014ലും 2018ലും നിരക്ക് നിശ്ചയിച്ചത്. 2021ലെ കരടിലും പെൻഷൻ ഫണ്ടിലേക്കുള്ള തുകയുടെ പലിശമാത്രമേ പരിഗണിച്ചിരുന്നുള്ളൂ. എന്നാൽ, അന്തിമ റഗുലേഷൻ പുറപ്പെടുവിച്ചപ്പോൾ പെൻഷൻ ഫണ്ടിലേക്ക് അനുവദിക്കുന്ന തുകയും പലിശയും നിരക്ക് നിർണയത്തിന് കണക്കാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.
കരടിൽ ഇല്ലാത്ത വ്യവസ്ഥ ഉൾപ്പെടുത്തുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പാലിക്കാൻ റഗുലേറ്ററി കമീഷൻ ബാധ്യസ്ഥരാണ്. ഈ മാറ്റം പരസ്യപ്പെടുത്തി എതിർപ്പുകളും അഭിപ്രായനിർദേശങ്ങളും സ്വീകരിച്ചുവേണമായിരുന്നു അന്തിമതീരുമാനം. ഇക്കാര്യങ്ങളൊന്നും നടപ്പായിട്ടില്ലെന്ന് കോടതി വിലയിരുത്തി.
വേണു രാജാമണിയുടെ കാലാവധി നീട്ടി
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണിയുടെ കാലാവധി നീട്ടി സർക്കാർ ഉത്തരവായി. 16ന് കാലാവധി അവസാനിക്കാനിരിക്കെ 30 വരെ നീട്ടിയാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.