തിരുവനന്തപുരം
ജനകീയ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയും തൊടുന്യായം പറഞ്ഞ് ഫണ്ടുകൾ തടയുന്ന കേന്ദ്രത്തെ വെള്ളപൂശിയും രാഷ്ട്രീയനേട്ടത്തിന് വ്യാപക ശ്രമം. മറ്റു സംസ്ഥാന സർക്കാരുകളോടൊന്നും കാണിക്കാത്ത വിവേചനപരമായ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷവും.
സംസ്ഥാനം ഓഡിറ്റ് ചെയ്ത കണക്ക് കാണിക്കാത്തതുകൊണ്ടാണ് നെൽക്കർഷകർക്കുള്ള സംഭരണ തുകയും ഉച്ചഭക്ഷണ തുകയും തടഞ്ഞതെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങളോ പ്രതിപക്ഷ നേതാക്കളോ വസ്തുതകൾ പുറത്തുപറയാൻ തയ്യാറായില്ല. മാധ്യമങ്ങളുടെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെതന്നെ പ്രഖ്യാപനം. 1000 കോടി അടിയന്തരമായി അനുവദിക്കുമെന്നു പറഞ്ഞത് ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിച്ചിട്ടല്ല. ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിച്ചില്ലെന്ന സാങ്കേതികവാദത്തിൽ കടിച്ചുത്തൂങ്ങിയാലും അഞ്ച് ശതമാനം ഫണ്ട് മാത്രമേ തടഞ്ഞുവയ്ക്കാനാകൂ. ഭക്ഷ്യവകുപ്പിന്റെ 20 ശതമാനത്തിലധികം തുകയാണ് തടഞ്ഞത്. സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കാര്യത്തിലും പ്രചരിക്കുന്നത് വസ്തുതാപരമായ കാര്യമല്ല.
ആദ്യ ഗഡുവായി കേന്ദ്രവിഹിതം 170.59 കോടി രൂപയും സംസ്ഥാന വിഹിതം 97.89 കോടിയുമുൾപ്പെടെ 268.48 കോടി രൂപയാണ് നവംബർവരെയുള്ള ചെലവുകൾക്ക് അനുവദിക്കേണ്ടിയിരുന്നത്. മുൻവർഷ ചെലവടക്കം വിശദനിർദേശം ജൂലൈ നാലിന് കൊടുത്തതാണ്. എന്നാൽ, വിചിത്രമായ ചോദ്യങ്ങൾ ഉന്നയിച്ച് വിഹിതം തടയുകയാണ് ചെയ്തത്.
ചെലവഴിച്ച തുകയുടെ കണക്ക് സമർപ്പിക്കൽ അതിന്റെ ക്രമത്തിൽ നടക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അടിയന്തര ആവശ്യം പരിഗണിച്ച് അർഹമായ വിഹിതം നൽകുന്ന മാനുഷിക പരിഗണന എല്ലാ സർക്കാരുകളും സ്വീകരിക്കാറുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോട് ഇത്തരം കടുംപിടിത്തമില്ലെന്ന് അവിടങ്ങളിലേക്ക് ഒഴുകുന്ന ഫണ്ടിന്റെ കണക്കുതന്നെ തെളിവാണ്. ശക്തമായി എതിർക്കപ്പെടേണ്ട കേന്ദ്ര വിവേചനങ്ങളോട് മാധ്യമങ്ങളും പ്രതിപക്ഷവും മുഖംതിരിഞ്ഞുനിൽക്കുന്നത് രാഷ്ട്രീയ താൽപ്പര്യമുള്ളതുകൊണ്ടാണ്. പക്ഷേ, അതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നത് തിരിച്ചറിയുന്നില്ല.