പാരിസ്
ഇരുപത് വർഷത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ബാലൻ ഡി ഓർ പുരസ്കാര പട്ടിക പുറത്ത്. ലോകഫുട്ബോളിലെ മികച്ച താരത്തിന് ഫ്രഞ്ച് മാഗസിനാണ് പുരസ്കാരം നൽകുന്നത്. പുരുഷൻമാരുടെ മുപ്പതംഗ പട്ടികയിൽ അഞ്ചുവട്ടം ബാലൻ ഡി ഓർ നേടിയ റൊണാൾഡോയ്ക്ക് ഇടംപിടിക്കാനായില്ല. അർജന്റീന ക്യാപ്റ്റനും ഏഴുതവണ റെക്കോഡ് ജേതാവുമായ ലയണൽ മെസിക്കാണ് ഇത്തവണയും കൂടുതൽ സാധ്യത. മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റക്കാരൻ എർലിങ് ഹാലണ്ടും ഫ്രഞ്ച് ഗോളടിക്കാരൻ കിലിയൻ എംബാപ്പെയുമാണ് മെസിക്ക് വെല്ലുവിളിയായി രംഗത്തുള്ളത്. കരിം ബെൻസെമയാണ് നിലവിലെ ജേതാവ്. വനിതകളിൽ നിലവിലെ ചാമ്പ്യനായ സ്പെയ്നിന്റെ അലെക്സിയ പുറ്റെലാസും പട്ടികയിൽ ഇല്ല. പരിക്കുകാരണം കഴിഞ്ഞ സീസണിൽ പുറത്തായിരുന്നു ഈ മധ്യനിരക്കാരി. ഒക്ടോബർ മുപ്പതിനാണ് പുരസ്കാര പ്രഖ്യാപനം.
അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയതാണ് മെസിയുടെ നേട്ടം. സിറ്റിയെ ചാമ്പ്യൻസ് ലീഗുൾപ്പെടെ മൂന്ന് ട്രോഫികൾ നേടിക്കൊടുത്ത ഹാലണ്ട് 52 ഗോളാണ് അടിച്ചുകൂട്ടിയത്. വനിതകളിൽ സ്പെയ്നിന്റെ ഐതാന ബൊൻമാറ്റിക്കാണ് സാധ്യത. ഈ ഇരുപത്തഞ്ചുകാരിയുടെ മിടുക്കിലാണ് സ്പാനിഷുകാർ ആദ്യമായി ലോകകപ്പ് ചൂടിയത്. ജപ്പാന്റെ ഹിനാറ്റ മിയസാവ, കൊളംബിയയുടെ പതിനെട്ടുകാരി ലിൻഡ കൈസെദൊ എന്നിവർക്കും പ്രതീക്ഷയുണ്ട്.















