പുതുപ്പള്ളി
ആവേശകരമായ പ്രചാരണത്തിനും വോട്ടെടുപ്പിനുമൊടുവിൽ പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ. 72.86 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പ് ദിവസം രേഖപ്പെടുത്തിയത്. 2491 അസന്നിഹിത വോട്ടർമാരുടെയും സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് പോളിങ്ങും ഉൾപ്പെടാതെയുള്ള കണക്കാണിത്. ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം(ഇടിപിബിഎസ്) വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഈ വോട്ടുകളുടെ എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ. അസന്നിഹിത വോട്ട് കൂടെയാകുമ്പോൾ 74.27 ആണ് വോട്ടിങ് ശതമാനം.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ട്. 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ് പോളിങ് ദിവസം സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് ചെയ്തു. തപാൽ വോട്ടുകളുടെ കണക്ക് കൂടെയാകുമ്പോൾ വോട്ട് ചെയ്തവരുടെ എണ്ണം 1,31,026 ആയി ഉയരും. കഴിഞ്ഞ തവണ 63,120 സ്ത്രീകളും 65,722 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് വോട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാൻ ബോധപൂർവം ശ്രമമുണ്ടായെന്ന ആരോപണം അധികൃതർ തള്ളി. സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും വോട്ട് ചെയ്യാൻ കൂടുതൽ സമയമെടുത്തതാകാമെന്നും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.