ന്യൂഡൽഹി
രാജ്യത്ത് ഗ്രാമീണ മേഖലയിൽ ടെലിഫോൺ സാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിലെന്ന് കണക്കുകൾ. സംസ്ഥാനത്തെ ഗ്രാമീണ ടെലിഫോൺ സാന്ദ്രത 222.86 ശതമാനമാണ്. ദേശീയ ശരാശരി 57.71 ശതമാനമാണെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോർട്ട് പറയുന്നു. 219.63 ശതമാനമുള്ള ഗോവ രണ്ടാം സ്ഥാനത്തും 157.40 ശതമാനമുള്ള സിക്കിം മൂന്നാം സ്ഥാനത്തുമാണ്.
കേരളത്തിന്റെ മൊത്തം ടെലിഫോൺ സാന്ദ്രതയും ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ദേശീയ ശരാശരി 84.51 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് 122.16 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. കേരളത്തിലെ മൊത്തം സബ്സ്ക്രിപ്ഷന് 4.36 കോടിയാണ്. ഗ്രാമപ്രദേശങ്ങളിൽ 1.95 കോടിയും നഗരപ്രദേശങ്ങളിൽ 2.41 കോടിയും.ടെലിഫോൺ സാന്ദ്രത അല്ലെങ്കിൽ ടെലി–-ഡെൻസിറ്റി എന്നത് ഒരു പ്രദേശത്ത് താമസിക്കുന്ന ഓരോ നൂറു വ്യക്തികൾക്കും ഉള്ള ടെലിഫോൺ കണക്ഷനുകളുടെ എണ്ണമാണ്.