തിരുവനന്തപുരം
സിഎസ്ഐ സഭയിലെ വൈദികർ, ബിഷപ്പുമാർ, മോഡറേറ്റർ എന്നിവരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തിയ ഭരണഘടനാ ഭേദഗതി ചെന്നൈ ഹൈക്കോടതി റദ്ദാക്കി. ഇതോടെ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന് ഉൾപ്പെടെ സ്ഥാനം നഷ്ടമാകും. വിരമിക്കൽ പ്രായം 67ൽനിന്ന് 70 ആയി ഉയർത്തിയ സുന്നഹദോസ് നടപടിയാണ് കോടതി റദ്ദാക്കിയത്. 2022 മാർച്ച് ഏഴിന് സുന്നഹദോസ് കൗൺസിൽ പാസാക്കിയ മറ്റ് 19 ഭരണഘടനാ ഭേദഗതിയും ഇതിനൊപ്പം റദ്ദാക്കി. ദക്ഷിണ കേരള മഹായിടവക മുൻ സെക്രട്ടറി ഡി ലോറൻസ് ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
നാലു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മുൻ ഹൈക്കോടതി ജഡ്ജി നിരീക്ഷകനാകുമെന്നും ജസ്റ്റിസ് സെന്തിൽ രാമമൂർത്തിയുടെ ഉത്തരവിൽ പറയുന്നു. ദക്ഷിണ കേരള മഹാ ഇടവകയുടെ ചുമതലയുള്ള സഭാ മോഡറേറ്റർ ധർമരാജ് റസാലത്തിന് മേയിൽ 67 വയസ് പൂർത്തിയായി. എന്നാൽ, ഭരണഘടനാ ഭേദഗതിയുടെ പിൻബലത്തിൽ വീണ്ടും തെരഞ്ഞൈടുക്കപ്പെട്ടു. ഭരണഘടനാ ഭേദഗതി സാധുവാകാൻ 24 മഹായിടവകകളിൽ 16ന്റെ അംഗീകാരം വേണമെന്നിരിക്കെ 15 എണ്ണം പിന്തുണച്ചെന്ന രേഖകൾ ഔദ്യോഗിക വിഭാഗം ഹാജരാക്കിയിരുന്നു. എന്നാൽ, ഇത് കെട്ടിച്ചമച്ചതാണെന്നും മൂന്നിൽരണ്ട് അംഗങ്ങൾ തീരുമാനത്തെ അനുകൂലിച്ചിട്ടില്ലെന്നുമുള്ള ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി വ്യാപിച്ചുകിടക്കുന്ന സിഎസ്ഐ സഭയ്ക്ക് 24 മഹായിടവകയും 60 ലക്ഷത്തോളം വിശ്വാസികളുമുണ്ട്. കോടതിവിധി വന്നതോടെ ബിഷപ് ധർമരാജ് റസാലം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മഹായിടവക ജനകീയ സമിതി.