കുവൈത്ത് സിറ്റി> 43-ാമത് ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ തെക്കുകിഴക്കൻ ഏഷ്യയിലെ സൗഹൃദ-സഹകരണ ഉടമ്പടിയിൽ ചേരുന്നതിനുള്ള കരാറിൽ കുവൈത്ത് തിങ്കളാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന ചടങ്ങിൽ ഉപ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഉടമ്പടിയിൽ ചേരുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു .
പരമാധികാരം, പ്രാദേശിക സമഗ്രത, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവ അടിസ്ഥാനമാക്കി രാജ്യാന്തര ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരുകൂട്ടം മാർഗനിർദേശങ്ങളുമായി 1976ൽ സ്ഥാപിതമായതാണ് സൗഹൃദ- സഹകരണ ഉടമ്പടി (ടിഎസി). ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവ ഉൾപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ 10 അംഗരാജ്യങ്ങളെ കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിൽ ഇല്ലാത്ത രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കുവൈത്തിനൊപ്പം പനാമയും സെർബിയയും ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ഇതിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 54 ആയി.