തിരുവനന്തപുരം
കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന എൻസഫലിറ്റിസ് സിൻഡ്രോമിന് (എഇഎസ്– മസ്തിഷ്ക അണുബാധ) പ്രധാന കാരണം ജപ്പാൻ ജ്വരമാണെന്ന് ഐസിഎംആർ പഠനം. വാക്സിൻ എടുത്ത കുട്ടികളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്തിയത്. മധ്യഇന്ത്യയിലെ 2018 മുതൽ 2022 വരെയുള്ള അണുബാധിതരെയാണ് പഠനവിധേയരാക്കിയത്. വാക്സിൻ ജപ്പാൻജ്വരം തടയാനുള്ള വാക്സിൻ എടുത്തവരിൽ 86.7 ശതമാനം പേരിൽ മാത്രമേ ഫലപ്രാപ്തിയുള്ളൂ. മധ്യഇന്ത്യയിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ പ്രോഗ്രാം നടപ്പാക്കുന്നതിന്റെ സാധ്യത വിലയിരുത്തണമെന്നും നിർദേശമുണ്ട്. 2023ൽ കേരളത്തിൽ എഇഎസ് ബാധിച്ച് ഒരു മരണമാണ് സ്ഥിരീകരിച്ചത്. 20 പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ.
എന്താണ് എൻസഫലിറ്റിസ് സിൻഡ്രോം
ശക്തമായ പനി രോഗിയെ കോമയിലേക്കടക്കം എത്തിക്കുന്ന അവസ്ഥയാണ് ഗുരുതര എൻസഫലിറ്റിസ് സിൻഡ്രോം (മസ്തിഷ്ക അണുബാധ). ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ കടി, രാസവസ്തുക്കൾ എന്നിവയൊക്കെ ഇതിനു കാരണമാകും. 15 വയസ്സിൽ താഴെയുള്ളവരെയാണ് പ്രധാനമായും ബാധിക്കുക. അബോധാവസ്ഥ, ശിശുക്കളുടെ തലയോട്ടിയിൽ ചെറുമുഴകൾ രൂപപ്പെടുക, ഓക്കാനം, ഛർദി, ശരീരവേദന എന്നിവയൊക്കെയും ലക്ഷണങ്ങളാണ്.