തിരുവനന്തപുരം
എവിടെയൊക്കെ ചാർജിങ് പോയിന്റ് ഉണ്ടെന്ന് അറിഞ്ഞാൽ ചാർജ് തീർന്ന് വഴിയിൽ കുടുങ്ങുമെന്ന പേടിയില്ലാതെ ഇലക്ട്രിക് വാഹനമോടിക്കാം. നാലുവർഷം മുമ്പ് ഫുൾ ചാർജ് ചെയ്താൽ നൂറുകിലോമീറ്ററാണ് ലഭിച്ചിരുന്നത്. നഗരത്തിൽ ഓടാൻ അത് മതിയായിരുന്നു. ഇന്നിപ്പോൾ കേരളം മുഴുവൻ ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കാം.
ചാർജിങ് സ്റ്റേഷനുകൾ അറിയാൻ നിരവധി ആപ്പുകളുണ്ട്. സംസ്ഥാനസർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി സംസ്ഥാനത്ത് 1169 പോൾമൗണ്ടഡ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലത്തിലും ഇത്തരത്തിൽ ചാർജിങ് സ്റ്റേഷനുകളുണ്ട്. ഇരുചക്രവാഹനങ്ങളും ഓട്ടോകളും ഇവിടങ്ങളിൽ ചാർജ് ചെയ്യാനാകും. കെഎസ്ഇബിയുടെ 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുമുണ്ട്. അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെയാണ് ചാർജിങ്ങിന് വേണ്ടത്. അനെർട്ട് വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് 23 ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സാമ്പത്തിക സഹായത്തിൽ 10 എണ്ണവും. ചുരുങ്ങിയ മാസങ്ങൾക്കകം 1.25 ലക്ഷം പേർ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷൻ സൗകര്യം പ്രയോജനപ്പെടുത്തി.