ന്യൂഡൽഹി
സംഘപരിവാറിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അജൻഡ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്ക് കഴിഞ്ഞ ജൂൺമുതൽ തന്നെ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടക്കമിട്ടതായി സൂചന. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ജൂൺ രണ്ടിന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും കോവിന്ദിനെ വസതിയിലെത്തി കണ്ടു. കർണാടക തെരഞ്ഞെടുപ്പിൽ തോറ്റതോടെ ആശങ്കയിലായ ബിജെപി നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തന്ത്രം ആവിഷ്കരിക്കുന്ന ഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതിനായി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അജൻഡ സജീവമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സഹപ്രവർത്തകരുമായി കൂടിയാലോചിച്ചിരുന്നു.
ജൂൺ ഒമ്പതുമുതൽ ആഗസ്ത് 29 വരെയുള്ള കാലയളവിൽ കോവിന്ദ് വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തി. കേരളം, ബംഗാൾ, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയും ദാദ്ര നഗർഹവേലി അഡ്മിനിസ്ട്രേറ്ററെയും കോവിന്ദ് കണ്ടു. സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, യുപി മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ ആഗസ്ത് 29ന് കോവിന്ദ് സന്ദർശിച്ചു. ആഗസ്തിലും അമിത് ഷാ കോവിന്ദിനെ കണ്ടു.
മോദിയുടെ വിശ്വസ്തനെന്ന നിലയിലാണ് കോവിന്ദിനെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ തലവനായി നിയമിച്ചത്. സുപ്രീംകോടതി അഭിഭാഷകനായിരുന്ന കോവിന്ദിന്റെ നിയമപരിജ്ഞാനവും പരിഗണിച്ചിട്ടുണ്ട്. രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ചയൊരാൾ ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കുന്നതും ഇതാദ്യം. 2029 ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ നിയമസഭ –- ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനാണ് നീക്കമെന്ന് സൂചനയുണ്ട്.