വാഷിങ്ടൺ
മെച്ചപ്പെട്ട വേതനവും തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ട് അമേരിക്കയിലും യൂറോപ്പിലും തൊഴിലാളി സമരങ്ങൾ ശക്തമായി. അമേരിക്കയിൽ ഈ വർഷംമാത്രം 230 പണിമുടക്ക് ഉണ്ടായി. യൂറോപ്പിലും മുൻവർഷത്തെ അപേക്ഷിച്ച് തൊഴിൽസമരങ്ങൾ പെരുകി.
വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയുമാണ് അതിജീവന പോരാട്ടത്തിനായി തൊഴിലാളികളെ തെരുവിലിറക്കിയത്ത്. അമേരിക്കയിലും യൂറോപ്പിലും എയർലൈൻസ്, കാർ നിർമാണം, ആരോഗ്യ, അധ്യാപന മേഖലകളിലുള്ളവർ വ്യാപകമായി പണിമുടക്കുന്നു. ഹോളിവുഡ് എഴുത്തുകാരുടെ സമരം നാലുമാസം പിന്നിട്ടു. അഭിനേതാക്കളും പണിമുടക്കിയിരിക്കുകയാണ്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തപാൽ ജീവനക്കാരും റെയിൽ, പ്രതിരോധ മേഖലയിലുള്ളവരും ക്രൈസ്തവ പുരോഹിതർവരെയും പണിമുടക്കി.
അമേരിക്കയിൽ തൊഴിൽ സ്ഥിതിവിവരക്കണക്ക് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2022ൽ 23 വലിയ പണിമുടക്കുണ്ടായി. 2009ൽ ഇത് അഞ്ചായിരുന്നു. രാജ്യം ഏറ്റവും കൂടുതൽ പണിമുടക്കുകൾക്ക് സാക്ഷ്യംവഹിച്ചത് 1952ലാണ്–- 470. ആയിരത്തിലധികം തൊഴിലാളികൾ ഒരു പൂർണ ഷിഫ്റ്റെങ്കിലും തൊഴിൽ ബഹിഷ്കരിച്ച് സമരം ചെയ്ത കണക്കുകളാണ് ഇവ. 2002–- 22ൽ പ്രതിവർഷം ശരാശരി 16 പണിമുടക്കുണ്ടായ ഇടത്താണ് ഈ വർഷത്തെ എട്ടുമാസത്തിലെ 230 സമരം. ഫ്രാൻസിൽ പുതിയ പെൻഷൻ നയത്തിനും വിരമിക്കൽ നിയമപരിഷ്കരണത്തിനുമെതിരെ പ്രക്ഷോഭം ശക്തമാണ്. ജർമനി, ബർലിൻ, ഫ്രാങ്ക്ഫർട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായി.