ന്യൂഡൽഹി> കേന്ദ്രസർക്കാർ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ നീക്കമെന്ന് സൂചന. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഭ്യൂഹം പടർന്നത്.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആർഎസ്എസ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി ‘ഭാരത്’ ഉപയോഗിക്കാൻ തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പരിപാടിയിൽ ഇത്തരത്തിൽ പേരുമാറ്റം.
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ‘ഇന്ത്യ’യിൽനിന്ന് ‘ഭാരതി’ലേക്ക് മാറ്റുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.