തിരുവനന്തപുരം> പുതുപ്പള്ളിയിൽ വോട്ടർമാർ ബൂത്തുകളിലേക്ക് തിരിക്കെ മണ്ഡലത്തിലെ പൊതുസ്ഥിതി പൂർണമായും അനുകൂലമല്ലെന്ന് വിലയിരുത്തി കോൺഗ്രസ് നേതാക്കളും. നേരത്തേ ആത്മവിശ്വാസത്തോടെ പറഞ്ഞ ‘ഈസി വാക്കോവർ’ സാധ്യമല്ലെന്ന് പാർടിയും ഏജൻസിയും നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയത് നെഞ്ചിടിപ്പേറ്റിയിട്ടുണ്ട്.
പല പഞ്ചായത്തിലും ‘വെള്ളം കുടിക്കുന്ന’ അവസ്ഥയുണ്ടെന്ന് പുതുപ്പള്ളിയിൽനിന്ന് മടങ്ങിയെത്തിയ കോൺഗ്രസ്നേതാക്കളും സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ ഓൺലൈൻചാനൽ വഴി നടത്തിച്ച സർവേയിലെ 60,000വും പ്രതിപക്ഷ നേതാവിന്റെ അരലക്ഷവും ആരും ആവർത്തിക്കുന്നില്ല. കെ മുരളീധരനടക്കം പലനേതാക്കളും ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. കൊട്ടിക്കലാശത്തിലെ എൽഡിഎഫ് ജനപങ്കാളിത്തം, പുതുപ്പള്ളിയിൽ പുതുചരിത്രമെന്ന പ്രഖ്യാപനം വെറുംവാക്കല്ലെന്നാണ് തെളിയുന്നത്.
കോൺഗ്രസിനകത്ത് അതിരൂക്ഷമായ പടലപ്പിണക്കവും കൃത്യമായി പ്രതികരിക്കാൻപ്പോലും തയ്യാറാകാത്ത ഘടകകക്ഷിനേതാക്കളുടെ മനസ്സിലിരിപ്പും പുതുപ്പള്ളിയിൽ ദൃശ്യമായി. വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങളിൽ നേതാക്കളും പ്രവർത്തകരും അതൃപ്തരാണ്. പ്രവർത്തക സമിതിയിൽ തഴയപ്പെട്ട രമേശ് ചെന്നിത്തല മണ്ഡലത്തിൽ നിന്നുതന്നെ ‘വാക്കൗട്ട്’ നടത്തി. രാഹുൽ ഗാന്ധി ഇടപെട്ടാണ് തിരിച്ചെത്തിച്ചത്.
ഉപതെരഞ്ഞെടുപ്പിലെ അജൻഡ സിപിഐ എം നിശ്ചയിക്കേണ്ട എന്നായിരുന്നു വി ഡി സതീശന്റെ ആദ്യവാദമെങ്കിലും ജനങ്ങൾ ഏറ്റെടുത്തത് വികസന അജൻഡ തന്നെയാണ്. ജനശ്രദ്ധമാറ്റാൻ കൊണ്ടുവന്ന മാസപ്പടി, സതിയമ്മ, നെല്ലുസംഭരണ വ്യാജവാർത്തകളിലെ വസ്തുതകൾ പുറത്തുവന്നു. അഴിമതിവിരുദ്ധ വീരപരിവേഷം ലക്ഷ്യമിട്ട് പുറപ്പെട്ട മാത്യു കുഴൽനാടൻ യുഡിഎഫിനെത്തന്നെ പ്രതിരോധത്തിലുമാക്കി.
മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ പ്രചാരണങ്ങളും വൃഥാവിലായി. പിണറായി വിജയന്റെ പുതുപ്പള്ളിയിലെ പൊതുയോഗങ്ങളോടെ അവയുടെ മുനയൊടിഞ്ഞു. സമൃദ്ധമായ ഓണക്കാലമെത്തിയതോടെ വ്യാജപ്രചാരകരുടെ ഉള്ളിലിരിപ്പ് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.
ശക്തമായ സംഘടനാ അടിത്തറയും ആറു പഞ്ചായത്തിന്റെയും മൂന്നു ബ്ലോക്ക് ഡിവിഷന്റെയും ഭരണവും അരലക്ഷത്തിലധികം വരുന്ന സ്ഥിരം വോട്ടുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. അവസാന ലാപ്പിലെത്തിയപ്പോഴാകട്ടെ എതിർപാളയങ്ങളിൽ കനത്ത വിള്ളലുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലേക്ക് അത് വളർന്നു. അതുതന്നെയായിരിക്കും ജനവിധിയുടെ കാതലും.