കണ്ണൂർ> സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത ഉറപ്പുവരുത്തുന്നതിന് പുത്തൻ സാങ്കേതികവിദ്യയുമായി കണ്ണൂർ സർവകലാശാല ഫിസിക്സ് പഠനവിഭാഗം. ഔദ്യോഗിക രേഖകൾ അച്ചടിക്കുമ്പോൾ നാനോ പെറോസ്കേറ്റ് ഫോസ്ഫർ (ലന്താനം ഡിസ്പ്രോസിയം മഗ്നീഷ്യം ടൈറ്റാനിയം ഡയോക്സൈഡ്) അടങ്ങിയ മിശ്രിതം നിശ്ചിതയളവിൽ കലർത്തിയാൽ വ്യാജന്മാരെ കൈയോടെ പിടികൂടാമെന്നാണ് ഇവരുടെ കണ്ടെത്തൽ.
പ്രവർത്തനം ഇങ്ങനെ
എഴുതാനോ അച്ചടിക്കാനോ ഉള്ള മഷിയിൽ നാനോ പെറോസ്കേറ്റ് ഫോസ്ഫർ അടങ്ങിയ മിശ്രിതം നിശ്ചിതയളവിൽ കലർത്തണം. ഒറ്റനോട്ടത്തിൽ മാറ്റമില്ലെങ്കിലും അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികൾ പതിപ്പിക്കുമ്പോൾ മഷിയിലെ നാനോ കണങ്ങൾ വെള്ള, ചുവപ്പ് നിറങ്ങളിൽ തിളങ്ങും. യഥാർഥ സർട്ടിഫിക്കറ്റുകളും രേഖകളും തിരിച്ചറിയുന്നതിനുള്ള ആന്റി കൗണ്ടർഫീറ്റിങ് പ്രക്രിയകൾക്ക് സഹായകമാണ് ഈ കണ്ടെത്തൽ. കറൻസി പ്രിന്റിങ്ങിനുൾപ്പെടെ ഉപയോഗിക്കാം എന്നതാണ് സവിശേഷത.
എൽസെവിയർ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രഗവേഷണ ജേർണലായ മെറ്റീരിയൽസ് ടുഡേ കമ്യൂണിക്കേഷനിൽ (എംടിസി) പഠനം സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. സർവകലാശാലയിലെ ഫിസിക്സ് പഠനവിഭാഗം മേധാവിയും റിസർച്ച് ഗൈഡുമായ ഡോ. കെ എം നിസാമുദ്ദീൻ, ഗവേഷകരായ വി പി വീണ, സി കെ ശിൽപ, എസ് വി ജാസിറ എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്.