പാലക്കാട്> കുഴൽക്കിണറുകൾ കുഴിക്കാൻ ഭൂജല വകുപ്പ് ലൈസൻസ് ഏർപ്പെടുത്തി. ലൈസൻസില്ലാത്ത ഏജൻസികൾക്ക് നവംബർ മുതൽ കുഴൽക്കിണർ കുഴിക്കാനാകില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള കുഴൽക്കിണർ ഏജന്റുമാരെ നിയന്ത്രിക്കാനാണ് നടപടി. സംസ്ഥാനത്തെ കുഴൽക്കിണറുകളുടെ കണക്ക് ഭൂജല വകുപ്പിനില്ല. ജനുവരി മുതൽ ജൂലൈവരെയാണ് കേരളത്തിൽ വ്യാപകമായി കുഴൽക്കിണർ കുഴിക്കുന്നത്. ഓരോ സീസണിലും 3000 മുതൽ 3500 വരെ കിണർ കുഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 60 ശതമാനം കാർഷികാവശ്യത്തിനും 40 ശതമാനം സ്വകാര്യ ആവശ്യങ്ങൾക്കുമാണ്.
ലൈസൻസിന് നിബന്ധന കടുക്കും
സംസ്ഥാനത്ത് ഓഫീസ് പ്രവർത്തിക്കുന്ന ഏജൻസികൾക്കുമാത്രമേ ലൈസൻസ് നൽകൂ. അതും സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രം. ജിഎസ്ടി രേഖകളും ഉടമയുടെ പാൻനമ്പറും നിർബന്ധം. അപേക്ഷകൾക്ക് 60,000 രൂപയാണ് ഫീസ്. ഒരു വർഷത്തേക്കാണ് ലൈസൻസ്. ഓരോവർഷവും 20 കോടിയോളം രൂപ സംസ്ഥാന ഖജനാവിലേക്ക് ലഭിക്കാനും പുതിയ നീക്കം സഹായിക്കും.
ജലചൂഷണം തടയുക ലക്ഷ്യം
വരും വർഷങ്ങളിൽ സംസ്ഥാനത്ത് വരൾച്ച കടക്കുമെന്നാണ് ജലവിഭവ വകുപ്പിന്റെ നിഗമനം. ഇത് മുന്നിൽക്കണ്ടാണ് നിയന്ത്രണം. ലൈസൻസില്ലാത്ത ഏജൻസികൾ കുഴൽക്കിണർ കുഴിച്ചാൽ വലിയ പിഴ ചുമത്തും. കുഴൽക്കിണറിനുള്ള പൈപ്പുകളുടെ ഗുണനിലവാരവും പരിശോധിക്കും.
ലൈസൻസ് കർശന പരിശോധനയ്ക്കുശേഷം മാത്രം
അപേക്ഷകളിൽ കർശന പരിശോധന നടത്തിയശേഷം മാത്രമേ ലൈസൻസ് അനുവദിക്കൂ. നിലവിലെ അപേക്ഷകൾ നവംബറിനുമുമ്പ് തീർക്കും. എല്ലാ ജില്ലയിലും ഇതിന്റെ ജോലി പുരോഗമിക്കുകയാണ്.
ജോൺ സാമുവൽ
(ഭൂജല വകുപ്പ് ഡയറക്ടർ)