ന്യൂഡൽഹി > ഇന്ത്യയിൽ ശൈശവ വിവാഹവും സതിയും വിധവ പുനർവിവാഹനിരോധനവും സ്ത്രീകൾക്കിടയിലെ നിരക്ഷരതയും വ്യാപകമായത് ഇസ്ലാമിന്റെ കടന്നുവരവോടെയാണെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ. അടുക്കള കൈകാര്യം ചെയ്യുന്നത് ശാസ്ത്രജ്ഞയാകുന്നതും എൻജിനിയറാകുന്നതും പോലെ പ്രാധാന്യമുള്ള കാര്യമാണെന്നും ഡൽഹി സർവകലാശാലയിൽ സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഗോപാൽ “ഉദ്ബോധിപ്പിച്ചു’.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടുക്കള സ്വയം കൈകാര്യം ചെയ്തിരുന്നതായും നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ അടുക്കള നിയന്ത്രിച്ചിരുന്നത് ഇന്ദിര ആയിരുന്നുവെന്നും ഗോപാൽ അവകാശപ്പെട്ടു. ‘മധ്യകാലഘട്ടത്തിൽ രാജ്യം കീഴടക്കാൻ വരുന്ന ശക്തികളോട് പൊരുതി. അപ്പോൾ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു, സർവകലാശാലകൾ നശിപ്പിക്കപ്പെട്ടു, സ്ത്രീകൾ അപകടത്തിലായി. ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പുറത്തുവിറ്റു. (അഹമ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഘോറി, (മുഹമൂദ്) ഗസ്നി എന്നിവരെല്ലാം സ്ത്രീകളെ തട്ടികൊണ്ടുപോയി വിറ്റു. അതിനാൽ, സ്ത്രീകളെ സംരക്ഷിക്കാൻ സമൂഹം അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുട്ടികളെ സംരക്ഷിക്കാൻ ശൈശവ വിവാഹം ആരംഭിച്ചു. ഇസ്ലാമിക അധിനിവേശത്തിനുമുമ്പ് രാജ്യത്ത് സതി ഉണ്ടായിരുന്നില്ല’- ഗോപാൽ പറഞ്ഞു.