ചെന്നൈ> സനാതന ധര്മ്മത്തെ കുറിച്ച് പറഞ്ഞതില് താന് ഉറച്ചുനില്ക്കുന്നുവെന്നും കൂട്ടക്കൊലയോട് അതുപമിക്കുന്നത് ബാലിശമാണെന്നും തമിഴ്നാട് കായിക മന്ത്രി ഉദയാനിധി സ്റ്റാലിന്. എത്ര കേസ് വന്നാലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്മം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണ് എന്ന ഉദയാനിധിയുടെ പ്രസ്താവനക്കെതിരായ ബിജെപി വിമര്ശനങ്ങള്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉദയനിധിയുടെ വാക്കുകള് ഇങ്ങനെ
‘എനിക്കെതിരെ അവര് എന്ത് കേസ് നല്കിയാലും നേരിടാന് തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധര്മത്തെ മാത്രമാണ് വിമര്ശിച്ചത്. പ്രസ്താവനയെ വളച്ചൊടിച്ച് ബിജെപി വ്യാജ വാര്ത്തകള് പ്രചരിപ്പിക്കുകയാണ്”– അദ്ദേഹം പറഞ്ഞു.
”സനാതന ധര്മത്തെ വിമര്ശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധര്മം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടര്ച്ചയായി പറയും. ‘കോണ്ഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള് അതിനര്ഥം കോണ്ഗ്രസുകാരെ കൊല്ലണമെന്നാണോ?. എന്താണ് സനാതന? സനാതനമെന്നാല് ഒന്നും മാറേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാല് ദ്രാവിഡ മോഡല് മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു. എല്ലാവരും തുല്യരാകണം. പ്രസ്താവനയെ വളച്ചൊടിക്കലും വ്യാജവാര്ത്തകള് പ്രചരിപ്പിക്കലും ബിജെപിയുടെ പതിവ് ജോലിയാണ്”– അദ്ദേഹം കൂട്ടിച്ചേര്ത്തു.