തിരുവനന്തപുരം
സപ്ലൈകോയിൽ പുതുതായി ഓഡിറ്റർമാരെ നിയമിച്ചത് നെല്ല് സംഭരണത്തിന്റെ കണക്കെടുക്കാനല്ല. ജൂനിയർ ഓഡിറ്റർമാരെ കരാർ അടിസ്ഥാനത്തിൽ സപ്ലൈകോ ഡിപ്പോകളിൽ നിയമിക്കാൻ തീരുമാനിച്ചത് ഈവർഷം ജനുവരിയിലാണ്. 2018ലെ മഹാപ്രളയവും പിന്നാലെ കോവിഡും കാരണം സപ്ലൈകോയിൽ നാലുവർഷത്തെ ഓഡിറ്റ് പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അവ വേഗത്തിൽ പൂർത്തീകരിക്കാൻ ഓഡിറ്റർമാരോട് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ട്സ് ഉദ്യോഗസ്ഥർമാത്രം വിചാരിച്ചാൽ ഇത്രയുംവർഷത്തെ കണക്കുകൾ ലഭ്യമാക്കാൻ കാലതാമസം നേരിടുമെന്ന് വിലയിരുത്തലുണ്ടായി.
സപ്ലൈകോ ബോർഡ് യോഗത്തിലാണ് സിഎ ഇന്റർ കഴിഞ്ഞവരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചത്. തുടർന്ന് അപേക്ഷ വിളിച്ച് പട്ടികയുണ്ടാക്കി. ആഗസ്ത് മുതൽ നിയമനം നൽകിത്തുടങ്ങി. ഇതുവരെ 24 പേരെ നിയമിച്ചു. തുടർന്ന് നിയമനം നൽകാനുള്ളവരുടെ പട്ടികയും റെഡിയാക്കി.
സംസ്ഥാനത്തെ അഞ്ച് റീജണൽ ഓഫീസുകൾക്ക് കീഴിലാണ് ഡിപ്പോകളുടെ പ്രവർത്തനം. തിരുവനന്തപുരം (8 ഡിപ്പോ), കോട്ടയം (12), എറണാകുളം (10), പാലക്കാട് (14), കോഴിക്കോട്(12) എന്നീ റീജണൽ ഓഫീസുകളിലായി 56 ഡിപ്പോകളാണ് പ്രവർത്തിക്കുന്നത്.
തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ
നെല്ല് സംഭരണം നടത്തിയവകയിൽ സപ്ലൈകോക്ക് കേന്ദ്ര സർക്കാർ നൽകാനുള്ളത് 637.6 കോടി രൂപയാണ്. 2018 മുതലുള്ള കുടിശ്ശിക തുകയാണിത്. താങ്ങുവിലയാണ് നൽകാനുള്ളത്. അതേസമയം, കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് ഇനി 198 കോടി രൂപയാണ്. കേന്ദ്രത്തിൽനിന്നുള്ള തുക ലഭിച്ചിരുന്നെങ്കിൽ കർഷകർക്ക് ഇപ്പോഴുള്ള പ്രയാസമുണ്ടാകില്ലെന്നാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയത്. എന്നാൽ, കണക്കുകൾ കൃത്യമല്ലെന്ന് വരുത്തി കേന്ദ്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് മനോരമ പത്രം നടത്തിയത്. ഓഡിറ്റ് ചെയ്ത കണക്ക് കേരളം ഹാജരാക്കിയില്ലെന്നും അതിനാണ് പുതുതായി ഓഡിറ്റർമാരെ നിയമിച്ചതെന്നുമായിരുന്നു പത്രത്തിന്റെ വാദം.
ബാങ്ക് കൺസോർഷ്യത്തിൽനിന്ന് കർഷകർക്ക് തുക നൽകാനുള്ള നടപടി ഭക്ഷ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 18 കോടി രൂപ വിതരണം ചെയ്തു. കനറാ ബാങ്ക്, എസ്ബിഐ ശാഖകകളിൽ പിആർഎസ് രസീത് ഹാജരാക്കി കർഷകർക്ക് തുക കൈപ്പറ്റാം.