ഇടുക്കി
ചിന്നക്കനാൽ ഷൺമുഖവിലാസത്ത് മാത്യു കുഴൽനാടൻ എംഎൽഎയുടെയും ബിനാമികളുടേയും ഉടമസ്ഥതയിലുള്ള റിസോർട്ട് ആറ് മാസമായി പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ. റിസോർട്ടിന് ലെെസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് ചിന്നക്കനാൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മാർച്ചിലാണ് പുതുക്കേണ്ടിയിരുന്നത്. എന്നാൽ ആവശ്യമായ രേഖകൾ നൽകിയിരുന്നില്ല. മാത്രമല്ല, ഹോംസ്റ്റേയ്ക്കാണ് അപേക്ഷനൽകിയത്. എന്നാൽ ദിവസവാടകയ്ക്ക് റിസോർട്ടാണ് ഇവിടെ പ്രവർത്തിക്കുന്നത്. റിസോർട്ടല്ലെന്നും ഹോംസ്റ്റേ ആണെന്നുമുള്ള കുഴൽനാടന്റെ വാദങ്ങൾ ഇതോടെ പൊളിഞ്ഞു. വസ്തുത മറച്ച് പലതവണ വാർത്താസമ്മേളനവും നടത്തി.
അനധികൃത റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്റെ വാദങ്ങൾ പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ ഗസ്റ്റ്ഹൗസായാണ് കെട്ടിടം പ്രവർത്തിക്കുന്നത് എന്നായിരുന്നു കുഴൽനാടന്റെ ആദ്യവാദം. എന്നാൽ, ചിന്നക്കനാൽ പഞ്ചായത്ത് കുഴൽനാടന് റിസോർട്ട് നടത്തിപ്പിനുള്ള ലൈസൻസാണ് നൽകിയതെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞു. എംഎൽഎ പദവി ദുരുപയോഗംചെയ്ത് പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ചാണ് കുഴൽനാടൻ ലൈസൻസ് വാങ്ങിയതെന്നും ഇതോടെ തെളിഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്തും തൊടുപുഴയിലും മാധ്യമങ്ങളോട് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞത് എല്ലാ അനുമതിയോടും കൂടിയാണ് റിസോർട്ട് പ്രവർത്തിക്കുന്നത് എന്നായിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് മാസമായി ലൈസൻസ് ഇല്ലാതെയാണ് ആറാം വാർഡിൽ കെട്ടിട നമ്പർ 279ൽ കപ്പിത്താൻ റിസോർട്ട് പ്രവർത്തിക്കുന്നത്. ചിന്നക്കനാൽ പഞ്ചായത്ത് കഴിഞ്ഞ ഏപ്രിൽമുതൽ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇതോടെ പൂർണമായും അനധികൃതമായാണ് കുഴൽനാടന്റെ റിസോർട്ട് നടത്തിപ്പെന്ന് വ്യക്തമായി. മാത്യു കുഴൽനാടന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.