ന്യൂഡൽഹി
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതിക്ക് മോദി സർക്കാർ രൂപം നൽകിയത് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാർ ആശയം എത്രയും വേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ. രാഷ്ട്രീയ പാർടികളുമായോ സംസ്ഥാന സർക്കാരുകളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയുള്ള ഏകപക്ഷീയ പ്രഖ്യാപനവും വിഷയത്തിൽ സർക്കാരിനുള്ള അമിത താൽപ്പര്യം എടുത്തുകാട്ടുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോവിന്ദ് സമിതിക്ക് കേന്ദ്രസർക്കാർ പ്രത്യേക സമയപരിധിയൊന്നും നൽകിയിട്ടില്ല. വേഗത്തിൽ കൂടിയാലോചനകളും ചർച്ചകളും നടത്തി എത്രയും പെട്ടെന്ന് സമർപ്പിക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി നടത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് അതിവേഗത്തിലുള്ള നടപടികൾ.
ആഭ്യന്തരമന്ത്രി അമിത് ഷായെ സമിതിയിൽ ഉൾപ്പെടുത്തിയതും മോദി സർക്കാരിന് വിഷയത്തിലുള്ള താൽപ്പര്യം കൂടുതൽ പ്രതിഫലിപ്പിക്കുന്നു.
1967 വരെ രാജ്യത്ത് ലോക്സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്നുവെന്നാണ് മോദി സർക്കാരിന്റെയും സർക്കാർ അനുകൂല മാധ്യമങ്ങളുടെയും പ്രചാരണം. കേരളത്തിലെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ 1959ൽ ഏകപക്ഷീയമായി പിരിച്ചുവിട്ടപ്പോൾ തന്നെ ലോക്സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടക്കുകയെന്ന രീതിക്ക് മാറ്റം വന്നു.
1960ൽ കേരളം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോയി. 1962 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ടായില്ല.
ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി’നായി മോദി സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി അതിവേഗം നടപടികളിലേക്ക് നീങ്ങുന്നു. ഞായറാഴ്ച നിയമ മന്ത്രാലയത്തിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ കോവിന്ദിനെ സന്ദർശിച്ച് പ്രാരംഭ ചർച്ചകൾനടത്തി. നിയമ സെക്രട്ടറി നിതൻ ചന്ദ്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി റീത്താ വസിഷ്ഠ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്. സമിതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. തെരഞ്ഞെടുപ്പ് വിഷയങ്ങൾ, ജനപ്രാതിനിധ്യനിയമവും ചട്ടങ്ങളും തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റീത്തയുടെ വകുപ്പാണ്.
കോവിന്ദ് തലവനായി എട്ടംഗ സമിതി കഴിഞ്ഞ ദിവസമാണ് മോദി സർക്കാർ രൂപം നൽകിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർരഞ്ജൻ ചൗധുരി, മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്, ധനകമീഷൻ മുൻ ചെയർമാൻ എൻ കെ സിങ്, ലോക്സഭയുടെ മുൻസെക്രട്ടറി ജനറൽ സുഭാഷ് കാശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയംഗങ്ങൾ.
നിയമ സെക്രട്ടറി നിതൻ ചന്ദ്രയാണ് സമിതി സെക്രട്ടറി. നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ പ്രത്യേക ക്ഷണിതാവാണ്. അതേസമയം, സമിതിയുടെ ഭാഗമാകില്ലെന്ന് അധിർരഞ്ജൻ ചൗധരി അന്നുതന്നെ വ്യക്തമാക്കി.