മുംബൈ > മഹാരാഷ്ട്രയിൽ വീടിനുള്ളിൽ നിന്നും അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. അമരാവതിയിലാണ് സംഭവം. നീലിമ ഗണേഷ് കാപ്സെ(45), മകൻ ആയുഷ് കാപ്സെ(22) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കട്ടിലിനുള്ളിലെ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചത്. തുടർന്ന് നാഗ്പൂരിൽ നിന്നും ബന്ധുക്കളെത്തിയപ്പോൾ വീടിന്റെ ഇരുവാതിലുകളും പൂട്ടിയിരിക്കുന്നതായി കണ്ടു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തകർത്താണ് അകത്തുകടന്നത്. കിടപ്പുമുറിയിൽ രക്തക്കറകൾ കണ്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് കട്ടിലിനുള്ളിലെ പെട്ടിയിൽ (ബെഡ് ബോക്സ്) നിന്ന് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നീലിമയുടെ മൂത്ത മകൻ നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണെന്നും ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.