ന്യൂഡൽഹി > ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം ആദിത്യ എൽ-1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ. 245 കിലോമീറ്ററിനും 22459 കിലോമീറ്ററിനും ഇടയിലുള്ള ഓർബിറ്റിലാണ് പേടകം നിലവിൽ സ്ഥിതി ചെയ്യുന്നത്. പേടകം നല്ലരീതിയില് പ്രവര്ത്തിക്കുന്നതായും ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. സെപ്തംബർ അഞ്ചിന് പുലർച്ചെ മൂന്നുമണിക്ക് രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാന് സ്പേയ്സ് സെന്ററില്നിന്ന് ശനി 11.50 നായിരുന്നു ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യയുടെ വിക്ഷേപണം. എക്സ്എൽ ശ്രേണിയിലുള്ള പിഎസ്എൽവി സി 57 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.
അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണൽ മാസ് ഇജക്ഷൻ, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാൻ 365 ദിവസം വേണ്ടിവരും. അഞ്ച് വർഷമാണ് ദൗത്യ കാലാവധി. ആദ്യഭ്രമണ പഥത്തിൽനിന്ന് പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്കാണ് ഇനിയുള്ള യാത്ര. നാലുമാസം യാത്ര ചെയ്ത് ജനുവരി ആദ്യവാരം പേടകം ലക്ഷ്യത്തിലെത്തും.
ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ലഭ്യമാക്കും. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൗരവാതങ്ങൾ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങൾ വഴി സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ് ആദിത്യയുടെ ലക്ഷ്യം.
Aditya-L1 Mission:
The satellite is healthy and operating nominally.
The first Earth-bound maneuvre (EBN#1) is performed successfully from ISTRAC, Bengaluru. The new orbit attained is 245km x 22459 km.
The next maneuvre (EBN#2) is scheduled for September 5, 2023, around 03:00… pic.twitter.com/sYxFzJF5Oq
— ISRO (@isro) September 3, 2023