തിരുവനന്തപുരം
ദുരന്ത ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സഹായകരമായ കേരള പൊലീസിന്റെ വാടക ഹെലികോപ്റ്ററിനെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്നത് ദുഷ്പ്രചാരണം. പ്രളയസമയത്ത് എയർലിഫ്റ്റിങ് അടക്കം വ്യോമസേന നടത്തിയ പ്രവർത്തനത്തിന് 112.5 കോടി രൂപയാണ് കേന്ദ്രസർക്കാർ ബില്ലിട്ടത്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് സംസ്ഥാനം ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ആരോഗ്യ രക്ഷാപ്രവർത്തനം, വ്യോമ നിരീക്ഷണം, തീരദേശം, വനമേഖലകൾ, വിനോദസഞ്ചാര -തീർഥാടന കേന്ദ്രങ്ങളുടെ നിരീക്ഷണം, മാവോയിസ്റ്റ് മേഖലയിലെ നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിൽ വിഐപികളുടെ സഞ്ചാരം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായാണ് ഈ ഹെലികോപ്റ്റർ ഉപയോഗിക്കുക. അവയവമാറ്റ ശസ്ത്രക്രിയക്ക് അവയവങ്ങൾ യഥാസമയം എത്തിക്കാനും പലവട്ടം ഹെലികോപ്റ്റർ ഉപയോഗിച്ചു. ലോക്ക്ഡൗണിൽ രാജ്യത്തെ പൊതുഗതാതം നിലച്ചതോടെ അർബുദ രോഗികൾക്കുള്ള മരുന്ന് എത്തിച്ചത് ഹെലികോപ്റ്ററിലാണ്.
ഈ വസ്തുത മറച്ചുവച്ചാണ് വലത് മാധ്യമങ്ങൾ ഉൾപ്പെടെ വാടക ഹെലികോപ്റ്ററിനെതിരെ ദുഷ്പ്രചാരണം നടത്തുന്നത്.















