പുതുപ്പള്ളി
പുതുപ്പള്ളിയിൽ യുഡിഎഫിനായി പ്രചാരണം നടത്തുന്ന കൊലക്കേസ് പ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ ഒന്നാംപ്രതിയായ നിഖിൽ പൈലി, കുറ്റപത്രം വായിച്ചപ്പോൾ കോടതിയിൽ ഹാജരാകാത്തതിനാലാണ് തൊടുപുഴ സെഷൻസ് കോടതി ആഗസ്ത് രണ്ടിന് വാറന്റ് പുറപ്പെടുവിച്ചത്. ഈ വാറന്റ് നിലനിൽക്കെയാണ് ഇയാൾ പരസ്യമായി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനുവേണ്ടി പ്രചാരണം തുടരുന്നത്.
കുറ്റപത്രം വായിച്ചു കേൾക്കേണ്ട ദിവസം ഒന്നാം പ്രതിയായ നിഖിൽ പൈലി, മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ, ഏഴാം പ്രതി ജെസിൻ ജോയ്, എട്ടാം പ്രതി അലൻ ബേബി എന്നിവർ ഹാജരായിരുന്നില്ല. സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപേക്ഷ കോടതി തള്ളി. തുടർന്നാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ടിലേക്ക് നടപടി നീങ്ങും. നിലവിൽ നിഖിൽ പൈലി ജാമ്യത്തിലാണ്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം നിൽക്കുന്ന ഇയാളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പം പ്രചാരണത്തിനിറങ്ങിയ ചിത്രം നിഖിൽ പൈലിതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, നിഖിൽ പൈലി യുഡിഎഫ് പ്രചാരണം നയിക്കുന്നതിനെ ന്യായീകരിക്കുകയാണ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. നിഖിൽ പൈലി കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ചാണ്ടി ഉമ്മന്റെ ന്യായീകരണം. തിരുവഞ്ചൂർ രാധകൃഷ്ണനടക്കം നേതാക്കളും പിന്തുണച്ചു.















