തിരുവനന്തപുരം
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇതുവരെ സ്വീകരിച്ച നിലപാട് കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശശി തരൂർ. കെ സി വേണുഗോപാലും വി ഡി സതീശനുമടക്കമുള്ളവർ തുടരുന്ന സമീപനം വകവയ്ക്കുന്നില്ലെന്ന സൂചനയും നൽകി. പ്രവർത്തക സമിതി അംഗത്വം തന്നത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണെന്ന് എടുത്തുപറയാനും മറന്നില്ല. തന്റെ ‘സ്ഥാനക്കയറ്റം’ കെ സി വേണുഗോപാലിന്റെ ഔദാര്യമാണെന്ന മാധ്യമ പ്രചാരണങ്ങളെ ഖണ്ഡിക്കാനായിരുന്നു ഇത്.
സഹായിച്ചവരുടെ കൂട്ടത്തിൽ ഒരു ഘട്ടത്തിലും വേണുഗോപാലിന്റെ പേര് പരാമർശിച്ചില്ല. സതീശന്റെ ബലൂൺ പ്രയോഗം തൽക്കാലം മറക്കുന്നുവെന്നും പറഞ്ഞു. തിരുവനന്തപുരത്ത് തുടർന്നും മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടുമെന്നും കെപിസിസിയിലെ സ്വീകരണത്തിൽ പറഞ്ഞതും കരുതിക്കൂട്ടിയാകണം. മുമ്പ് കണ്ട തരൂരല്ല താനെന്നും കൂടുതൽ ശക്തനും പാർടിയിൽ ഇടപെടാൻ കഴിയുന്നയാളാണെന്നുമുള്ള മുന്നറിയിപ്പ് കൂടിയാണത്.
കെപിസിസിയിലേക്ക് തന്നെ ക്ഷണിച്ചത് കെ സുധാകരനാണെന്ന് എടുത്തു പറഞ്ഞു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിച്ചപ്പോഴും വിവാദമായ സംസ്ഥാന പര്യടനവേളയിലും കെ സുധാകരന്റെ പിന്തുണയുണ്ടായിരുന്നു. വിദേശത്തായിരുന്ന തരൂർ തിരുവനന്തപുരത്ത് വരുന്ന തീയതി നേരത്തേ അറിയിച്ചിട്ടും അനുയായികൾ അല്ലാതെ ഔദ്യോഗിക സ്വീകരണ പരിപാടി ഏർപ്പെടുത്തിയിരുന്നില്ല. ഇത് വാർത്തയുമായിരുന്നു.
തുടർന്ന് വി ഡി സതീശൻ പക്ഷത്തുള്ള ഡിസിസി പ്രസിഡന്റ് പാലോട് രവി സ്വീകരണം ഏർപ്പെടുത്തി. അതിന്റെ പ്രാധാന്യം കുറയ്ക്കാനുംകൂടിയാണ് സുധാകരൻ ഇടപെട്ട് കെപിസിസിയിൽ തരൂരിന്റെ വാർത്താസമ്മേളനം വച്ചത്. 2009ൽ തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് പ്രവർത്തകരുടെ പിന്തുണയും തരൂർ അഭ്യർഥിച്ചു. തരൂരിനെ മാറ്റാൻ ചില നേതാക്കൾ നേരത്തേ ചരടുവലി നടത്തിയിരുന്നു. ആ നീക്കത്തിനും ഇതോടെ ആപ്പുവച്ചു. തന്നെ പിന്തുണച്ച് കൂടെ നിന്നത് ജി എസ് ബാബുവിനെപ്പോലുള്ളവരാണെന്ന് തരൂർ എടുത്തു പറഞ്ഞതും മുൻ നിലപാടുകളിൽ മാറ്റമില്ലെന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ്.















