–പുതുപ്പള്ളി
എൽഡിഎഫ് മുന്നോട്ടുവച്ച വിഷയങ്ങൾ ഏറ്റെടുത്ത് പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾ. വോട്ടെടുപ്പിന് 48 മണിക്കൂർ മാത്രം ശേഷിക്കുമ്പോൾ കടുത്ത രാഷ്ട്രീയ മത്സരത്തിലേക്ക് മാറ്റിയെടുക്കാൻ എൽഡിഎഫിനായി.എങ്ങും വികസനചർച്ചകൾ മുഴങ്ങുന്നു. ഉപതെരഞ്ഞെടുപ്പിൽ വൈകാരികത മുതലാക്കിയുള്ള മുന്നേറ്റമാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ഈ ചുവടുകൾ പ്രചാരണരംഗത്ത് പിഴച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് രംഗപ്രവേശം. എന്നാൽ എല്ലാ പ്രതീക്ഷയും തകിടം മറിച്ചാണ് യുവജന നേതാവ് ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മിന്നുംപ്രകടനമായിരുന്നു മുതൽക്കൂട്ട്. അന്ന് ഉമ്മൻചാണ്ടി കേവലം 9050 വേട്ടിന്റെ വ്യത്യാസത്തിലാണ് കടന്നുകൂടിയത്. കഴിഞ്ഞ തവണ 11,694 വോട്ട് പിടിച്ച ബിജെപി ഇത്തവണ ജില്ലാ പ്രസിഡന്റ് ലിജിൻലാലിനെ രംഗത്തിറക്കി . ആം ആദ്മി സ്ഥാനാർഥിയായി ലൂക്ക് തോമസും മത്സരിക്കുന്നു.
രാഷ്ട്രീയ പോരാട്ടത്തിലേക്ക് മണ്ഡലത്തെ നയിക്കാൻ എൽഡിഎഫിനായി എന്നതാണ് പ്രത്യേകത. എട്ടിൽ ആറ് പഞ്ചായത്ത് ഭരണവും മൂന്ന് ബ്ലോക്കുകളിലെ ഭരണവും എൽഡിഎഫിന് മേൽക്കൈയാണ് .ഞായർ വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. ചൊവ്വാഴ്ച വോട്ടെടുപ്പ്. എട്ടിന് ഫലം അറിയാം. 1,76,412 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീകളാണ് മുന്നിൽ–- 90,277 പേർ. പുരുഷന്മാർ- –- 86,131. നാല് –ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്.
‘പുതുപ്പള്ളിക്കും
മാറേണ്ടേ’ ചോദ്യമുയർത്തി മുഖ്യമന്ത്രി
ജനങ്ങളുടെ വികസനാവശ്യങ്ങൾ ഉയർന്നുവന്ന 21 മേഖലാ വികസന സദസുകൾ എൽഡിഎഫ് ഏറ്റെടുത്തു. എല്ലാ മന്ത്രിമാരുമെത്തി സംവാദങ്ങൾ നയിച്ചു. ഈ വെല്ലുവിളിയിൽനിന്ന് യുഡിഎഫ് ഒളിച്ചോടി. ‘‘ പുതുപ്പള്ളിക്കും മാറേണ്ടേ ’’ എന്ന ചോദ്യമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗങ്ങളിൽ പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 182 ബൂത്തുകളിലെയും 21 മേഖലകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി മുന്നേറ്റ പാതയൊരുക്കി.
യുഡിഎഫിനായി കെ സി വേണുഗോപാൽ, എ കെ ആന്റണി, ശശി തരൂർ എന്നിവർ അതിഥി പ്രചാരകരായി. ആദ്യാവസാനം മുഖ്യകാർമികൻ വി ഡി സതീശനായിരുന്നു. ഇതിൽ അമർഷമുള്ള മുൻ കെപിസിസി അധ്യക്ഷന്മാരായ രമേശ് ചെന്നിത്തലയും കെ മുരളീധരനും പേരിന് മണ്ഡലത്തിൽ വന്നുപോകുന്നു. ആറാം തീയതി എല്ലാം തുറന്നുപറയുമെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന കെ സി ജോസഫും സതീശാധിപത്യത്തിൽ നീറിപ്പുകഞ്ഞാണ് രംഗത്തുള്ളത്.
ദൃശ്യമാധ്യമങ്ങൾ കൂടി അവികസിത ഗ്രാമങ്ങളെ ദൃശ്യവൽക്കരിച്ചതോടെ വികസന ചർച്ചയ്ക്ക് തയ്യാറെന്ന് അവസാന ദിവസങ്ങളിൽ യുഡിഎഫ് പറയുന്നു. പ്രതിപക്ഷ ഇടപെടലിൽ തെരഞ്ഞെടുപ്പ് കമീഷൻ ഓണക്കിറ്റ് വിതരണം തടഞ്ഞപ്പോൾ ‘ഇത് സർക്കാരിനെതിരെയുള്ള പ്രചാരണത്തിനുള്ള സുവർണാവസരമായി കാണണ’മെന്ന മട്ടിലായി കോൺഗ്രസ്.കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്–- ബിജെപി കൂട്ടുകെട്ട് പുതുപ്പള്ളിയിലേക്കും പടർന്നു. സൈബർ യുദ്ധങ്ങൾ ഇതുപോലെ മുറുകിയ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നതും പ്രത്യേകതയാണ്.















