ആലപ്പുഴ
നെല്ലുസംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള 637 കോടിരൂപ കേന്ദ്രം തടഞ്ഞുവച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരൻ. കുട്ടനാട് രാമങ്കരിയിൽ കർഷകരെ കാണുന്നതിനിടയിലാണ് കേന്ദ്രസർക്കാരിനാടുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രേമം പുറത്തായത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാനപ്രതികരണമാണ് വിഷയത്തിൽ കഴിഞ്ഞദിവസം കേന്ദ്രസഹമന്ത്രി വി മുരളീധരനും നടത്തിയത്. നെല്ലുസംഭരണവിഷയത്തിൽ പാർലമെന്റിൽ ഇടപെടാത്ത കെ സുധാകരന്റെ കർഷകപ്രേമവും ബിജെപി ബന്ധവും പുതുപ്പള്ളി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള നാടകമാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി പെരുന്ന സ്വദേശിയായ നടൻ കൃഷ്ണപ്രസാദ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ലെന്ന് ആരോപണം ഉന്നയിച്ചത്. തൊട്ടടുത്തദിവസം കൃഷ്ണപ്രസാദിന് പണം നൽകിയെന്ന് ബാങ്ക് രേഖകൾ പുറത്തുവന്നിരുന്നു. കേന്ദ്രസർക്കാർ 637 കോടിരൂപ സംസ്ഥാനത്തിന് നൽകാനുള്ളത് മറച്ചുവയ്ക്കാനാണ് ആരോപണം ഉന്നയിച്ചത്.
നെല്ലുസംഭരിച്ച വകയിൽ സംസ്ഥാനത്താകെ 250 കോടി രൂപമാത്രമാണ് കർഷകർക്ക് നൽകാനുള്ളത്. 1820.71 കോടിരൂപ ഇതുവരെ നൽകി. കേന്ദ്രം നൽകുമെന്ന് കരുതിയ തുകയും ചേർത്താണ് സംസ്ഥാനം പണം നൽകിയത്. കേന്ദ്രം പണം നൽകിയിരുന്നുവെങ്കിൽ കനറ, ഫെഡറൽ, എസ്ബിഐ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പ എടുക്കാതെ തന്നെ കർഷകർക്ക് പണം നൽകാൻ കഴിയുമായിരുന്നു. 253കോടി രൂപയാണ് വായ്പയായി നൽകാൻ കൺസോർഷ്യവുമായി ധാരണയായത്.















