കൊച്ചി
കണ്ണൂർ ജവാഹർ സ്റ്റേഡിയം കോർണറിൽ ബോംബുവച്ച കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെയുള്ള പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനും യുഎപിഎ കുറ്റം നിലനിൽക്കാത്തതിനും കാരണം ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്തെ ആഭ്യന്തരവകുപ്പ് വീഴ്ച. കേസിൽ യുഎപിഎ ചുമത്താൻ നിശ്ചിത സമയത്തിനകം അനുമതി നൽകിയിട്ടില്ലെന്നും സമയപരിധി കഴിഞ്ഞുള്ള അനുമതി നിയമപരമല്ലെന്നും എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
അന്നത്തെ ഡിജിപി 2011 നവംബർ ഒന്നിനാണ് യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന് അനുമതി അപേക്ഷ നൽകിയത്. രണ്ടുമാസം കഴിഞ്ഞ് 2012 ജനുവരി ഇരുപത്തൊന്നിനാണ് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. യുഎപിഎ നിയമപ്രകാരം അപേക്ഷ ലഭിച്ച് ഏഴുദിവസത്തിനകം അനുമതി നൽകണമെന്നാണ് വ്യവസ്ഥ. വ്യവസ്ഥ പാലിക്കാതെയുള്ള അനുമതി നിയമപരമല്ലെന്നും യുഎപിഎ നിയമത്തിലുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരിക്കെയാണ് ഈ നടപടി.
ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ തടിയന്റവിട നസീറിന്റെ നിർദേശപ്രകാരം മറ്റു രണ്ടു പ്രതികൾ 2008 സെപ്തംബർ 24ന് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിന്റെ വടക്കുകിഴക്കേ കോർണറിൽ ബോംബുവച്ചു എന്ന കേസിലാണ് വിചാരണക്കോടതി പ്രതികളെ വിട്ടയച്ചത്. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് ബോംബ് നിർവീര്യമാക്കുകയും ചെയ്തു. യുഎപിഎ അനുമതി വൈകിയതിനാൽ അതനുസരിച്ചുള്ള കുറ്റം നിലനിൽക്കില്ലെന്നും തെളിവുകൾ കുറ്റം സ്ഥാപിക്കാൻ പര്യാപ്തമല്ലെന്നുമാണ് വിട്ടയക്കാൻ കാരണമായി കോടതി വിധിന്യായത്തിൽ പറഞ്ഞത്.















