ന്യൂഡൽഹി > രണ്ടുമാസത്തിനിടെ ഡൽഹി ഐഐടിയിൽ രണ്ടാമതും ദളിത് വിദ്യാർഥിയുടെ ആത്മഹത്യ. ബിടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് അവസാന വർഷ വിദ്യാർഥി അനിൽകുമാറിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച ക്യാമ്പസിലെ വിദ്യാഞ്ചൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. ജൂലൈ പത്തിന് ഇതേ ഡിപ്പാർട്ട്മെന്റിലെ ആയുഷ് അഷ്നയും സമാനമായ രീതിയിൽ ജീവനൊടുക്കിയിരുന്നു. ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് കോഴ്സ് പരിധി അനിൽകുമാറിന് നീട്ടിനൽകിയിരുന്നുവെന്ന് പറഞ്ഞ പൊലീസ് പ്രഥമിക മരണകാരണമായി പറയുന്നത് പഠന ഭാരമാണെന്നാണ്. ഉത്തർപ്രദേശിലെ ഭണ്ട ജില്ലയിൽ നിന്നുള്ള അനിൽകുമാറിന്റെ പിതാവ് രണ്ടുമാസം മുമ്പ് മരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് മുറി ചവിട്ടുത്തുറന്നപ്പോൾ വിദ്യാർഥി തൂങ്ങിനിൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കാലാവധി നീട്ടിക്കിട്ടിയതോടെ ആറുമാസമായി ഹോസ്റ്റലിൽ താമസിച്ചുവന്ന അനിൽ കുമാറിന്റെ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലന്നും വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ സഫ്ദർജങ് ആശുപത്രിയിലെത്തി മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.
പഠനഭാരത്തിനെതിരെ അസംതൃപ്തി വ്യാപിച്ചതോടെ പരീക്ഷകളുടെ എണ്ണം കുറച്ചുവെന്നും ക്യാമ്പസിൽ മാനസികാരോഗ്യ ഹെൽപ്ലൈൻ തുടങ്ങിയെന്നും ഐഐടി അധികൃതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ദളിത് വിദ്യാർഥിയും പഠനഭാരത്തിന്റെ പേരിൽ ജീവനൊടുക്കിയത്. ഐഐടി ദളിത് വിദ്യാർഥികളുടെ ശവപ്പറമ്പായി മാറിയെന്ന് കുറ്റപ്പെടുത്തി വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു.