തലശേരി > മാഹി പൊലീസിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ കാർ ഡ്രൈവർ അറസ്റ്റിൽ. മാഹി വെസ്റ്റ്പള്ളൂർ ചഞ്ചലസ്മൃതിയിൽ അമൽരാജ് എന്ന സച്ചുവിനെ (25)യാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂർ എസ്ഐയെയും മാഹി, പള്ളൂർ സ്റ്റേഷനുകളിലും വിളിച്ച് കഴിഞ്ഞ ദിവസമാണ് കാലും കൈയും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. പള്ളൂരിന് പുറമെ മാഹി സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. മാഹി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളൂർ അറവിലകത്ത്പാലം വഴി ബൈക്കിൽ യാത്രചെയ്യുന്ന രണ്ട് വിദ്യാർഥികളെ തിരുവോണ നാളിൽ വാഹനം തടഞ്ഞ് ആക്രമിച്ച കേസിൽ രണ്ട് ആർഎസ്എസ്–-ബിജെപിക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പുതുച്ചേരിയിൽ പഠിക്കുന്ന വിദ്യാർഥികൾ ഓണത്തിന് നാട്ടിലെത്തി തിരിച്ചു പോകാൻ റെയിൽവെ സ്റ്റേഷനിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലക്കും ശരീരത്തിലും പരിക്കേറ്റ രണ്ടുപേരും തലശേരിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായ പള്ളൂർ ആർ വി ഹൗസിൽ ആർ വി അതുൽ (24), പെരിങ്ങാടിയിലെ താഴെക്കുനിയിൽ വിഷ്ണുരോഹിത് (24) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ചെമ്പ്രയിലെ ജിഷ്ണു എന്ന ചോട്ടാ സച്ചു അടക്കം രണ്ട് പേരെ പിടികിട്ടാനുണ്ട്. നിരവധി കൊലക്കേസുകളിൽ പ്രതിയായ മൾട്ടി പ്രജിയുടെ സംഘാംഗമാണ് അമൽരാജ്. ഇയാളും നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയാണ്. ബിജെപി ജില്ല പ്രസിഡന്റിന്റെ ഡ്രൈവറാണെന്ന ഹുങ്കിലാണ് മാഹി പൊലീസിനെ ഭീഷണിപ്പെടുത്തുന്നത്. വധഭീഷണി ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്.