തിരുവനന്തപുരം
പരാതി നൽകാൻ ഇനി പൊലീസ് സ്റ്റേഷനുകളിലോ മറ്റേതെങ്കിലും പൊലീസ് ഓഫീസുകളിലോ നേരിട്ടുപോകേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ ഏത് സ്റ്റേഷനിലേക്കും എവിടെനിന്നുവേണമെങ്കിലും പരാതി നൽകാനുള്ള സൗകര്യവുമായി പോൽ ആപ് സംവിധാനം. സ്വന്തം സ്മാർട്ട് ഫോണിലൂടെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്’ ഉപയോഗിച്ച് പരാതി നൽകാം. ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.
പരാതി നൽകേണ്ട വിധം
ഫോണിൽ പോൽ ആപ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. പരാതിക്കാരന്റെ പേര്, വയസ്സ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തണം. പൊലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നൽകാനുണ്ടെങ്കിൽ അതും അപ്ലോഡ് ചെയ്യാം.
ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആൾ) അവരുടെ വിവരങ്ങൾ കൂടി ചേർക്കാം.
പൊലീസ് സ്റ്റേഷൻമുതൽ ഡിജിപി ഓഫീസിലേക്കുവരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പരാതി നൽകിയതിനുള്ള രസീത് പരാതിക്കാരന് ഡൗൺലോഡ് ചെയ്യാം. തുണ വെബ് പോർട്ടൽ വഴിയും പരാതി നൽകാം.
പോൽ ബ്ലഡും
ആവശ്യക്കാർക്ക് രക്തം എത്തിച്ചു നൽകാനായി ‘പോൽ ബ്ലഡ്’ പ്രത്യേക വിഭാഗവും ഈ ആപ്പിലുണ്ട്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.