കോഴിക്കോട്
പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സി കെ രമേശൻ, പിജി ഡോക്ടർ ഡോ. എം ഷഹന, നഴ്സുമാരായ എം രഹ്ന, കെ ജി മഞ്ജു എന്നിവരെ പ്രതിചേർത്താണ് കുന്നമംഗലം കോടതിയിൽ പട്ടിക സമർപ്പിച്ചത്. അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് നാലുപേരും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.
ചികിത്സയിലെ അശ്രദ്ധ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് രണ്ടുവർഷം തടവും പിഴയും ലഭിക്കാവുന്ന 338–-ാം വകുപ്പാണ് ചുമത്തിയത്. ഹർഷീനയുടെ പരാതിയിൽ എഫ്ഐആറിൽ ഉൾപ്പെട്ട മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വകുപ്പുമേധാവി എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാനുള്ള അപേക്ഷയും കോടതിയിൽ നൽകി.
2017 ൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയതെന്നാണ് ഹർഷീനയുടെ പരാതി. എവിടെനിന്നാണ് പിഴവെന്ന് ആരോഗ്യവകുപ്പിന്റെ രണ്ട് സമിതികളും കണ്ടെത്തിയിരുന്നില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് എസിപി എ സുദർശനന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ഗവ. മെഡിക്കൽ കോളേജിൽനിന്നാണ് കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ടുപോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് പ്രതിപ്പട്ടിക പുതുക്കി സമർപ്പിച്ചത്.